ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ക്ഷേത്ര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്റ്റേഷനറിക്കടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം. കളീയ്ക്കൽ സുധീഷ് കുമാർ നടത്തുന്ന കടയ്ക്കാണ് തീ പിടിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ നാലിനായിരുന്നു സംഭവം. സ്റ്റേഷനറി സാധനങ്ങൾ , പലചരക്ക് സാധനങ്ങ , രണ്ട് റഫ്രിജറേറ്റർ, ത്രാസ് , സാധനങ്ങൾ നിറച്ചു വച്ചിരുന്ന റാക്കുകൾ , ചില്ല് അലമാരകൾ ,ബക്കറ്റുകൾ, മേശ, തുടങ്ങിയ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. റവന്യു സംഘം സ്ഥലം പരിശോധിച്ചു. തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ പുലർച്ചെ ദർശനത്തിനെത്തിയ ഭക്തരാണ് കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഫയർസ്റ്റേഷനിൽ വിളിച്ചറിയിച്ചത്. തുടർന്ന് സീനിയർ ഫയർ ഓഫീസർ മനു.വി.നായരുടെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് സംഘം എത്തി കടയുടെ ഷട്ടർ മുറിച്ചു മാറ്റിയാണ് തീയണച്ചത്. സമീപമുള്ള കടയിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തകാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. കടയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന മെയിൻ സ്വിച്ചിൽ നിന്നുമാണ് തീ പടർന്നത്.