പത്തനംതിട്ട : മനുഷ്യജീവനും കൃഷിയ്ക്കും ഭീഷണിയാകുന്ന വന്യജീവികളെ നേരിടുന്നതിനായി ഡി.വൈ.എഫ്.ഐ ജില്ലയിൽ ജനകീയ കൺവെൻഷൻ വിളിച്ചുചേർക്കും. എല്ലാ വാർഡുകളിലും ജനകീയ ജാഗ്രതാ സമിതികൾ രൂപീകരിച്ച് നൈറ്റ് സ്‌ക്വാഡുകൾ ഇറങ്ങി വന്യജീവി അക്രമണങ്ങളിൽ നിന്ന് കൃഷിയിടങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് ജില്ലാ സെക്രട്ടറി ബി.നിസാം, ജില്ലാ പ്രസിഡന്റ് എം.സി.അനീഷ് കുമാർ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
ജില്ലയിൽ വന്യജീവി ആക്രമണം കൂടി വരികയാണ്. കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയാകുന്ന വന്യജീവി ആക്രമണങ്ങളാണ് നടക്കുന്നത്. സാധാരണ ജനങ്ങൾക്ക് കൃഷി ചെയ്ത് ജീവിക്കാൻ കഴിയുന്നില്ല. കാർഷികവിളകൾ വന്യജീവികൾ ആഹാരമാക്കുകയാണ് പതിവ്. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെയടക്കം ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ ജില്ലയ്ക്ക് വേണ്ടി സംസാരിക്കേണ്ട എം.പി അനങ്ങാപ്പാറ നയം തുടരുകയാണെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.