പന്തളം : നഗരസഭയിലെ മുപ്പതാം ഡിവിഷനിൽ അഞ്ചുമൂലംപറമ്പ് -ആനക്കുഴി റോഡ് നഗരസഭാംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ശ്രമദാനം നടത്തി സഞ്ചാരയോഗ്യമാക്കി. കാലവർഷക്കെടുതി മൂലം കാൽനടയാത്ര പോലും അസാദ്ധ്യമായി കിടന്ന റോഡാണ് ഒരാഴ്ചയോളം നീണ്ട ശ്രമദാനത്തിലൂടെ നന്നാക്കിയത്. ബിനു ,രഞ്ജിത് രവി ,സുനു സുകുമാരൻ സുകുമാരവിലാസം,സജി ,വിഷ്ണു ,ഷെറിൻ ,ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം. മുപ്പതാം ഡിവിഷൻ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ 13 വർഷം മുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നപ്പോൾ ടാർ ചെയ്ത റോഡാണിത്. ഡിവിഷനിലെ പല റോഡുകളും സഞ്ചാരയോഗ്യമല്ല. റോഡുകൾ ടാർ ചെയ്യണമെന്ന് ചെയർപേഴ്‌സണെയും ഭരണസമിതിയെയും അറിയിച്ചിട്ടും വ്യക്തി വൈരാഗ്യം മൂലം നടപടി സ്വീകരിച്ചില്ലെന്ന് കൗൺസിലർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ സത്യഗ്രഹം നടത്തുമെന്നും കൗൺസിലർ പറഞ്ഞു.