പത്തനംതിട്ട : വേതനം വൈകുന്നതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ ഇന്നലത്തെ പണിമുടക്ക് സാധാരണക്കാരായ രോഗികളെ വലച്ചു. അടിയന്തര ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്ത് രോഗികൾക്ക് സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ടിവന്നു. സൗജന്യ സർവീസ് നടത്തുന്ന 108 ആംബുലൻസിൽ ജില്ലയിലാകെ 60 ജീവനക്കാരുണ്ട്. ഒരു ആംബുലൻസിന് നാല് ജീവനക്കാരാണുള്ളത്. എല്ലാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ജീവനക്കാരെ ജോലിയിലെടുത്തത്. എന്നാൽ ഇതുവരെ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ കമ്പനി തയാറായിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ആംബുലൻസ് മെയിന്റനൻസിന് പോലും തുക കിട്ടാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ പോലും പരിഹരിക്കേണ്ടത് ജീവനക്കാരാണ്. ജി.വി.കെ ഇ.എം.ആർ.ഐ കമ്പനിയാണ് ജീവനക്കാരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. നൂറ് കോടി ആസ്തിയുണ്ടെന്ന് കാണിച്ചാണ് കമ്പനി ടെൻഡർ എടുത്തത്. സർക്കാർ ഫണ്ട് താമസിച്ചാലും കമ്പനിക്ക് ശമ്പളം നൽകാൻ കഴിയും എന്ന ഉറപ്പിലാണത്. 2019 മുതൽ ആണ് എല്ലാ ജില്ലയിലും 108 ആംബുലൻസ് ആരംഭിക്കുന്നത്. 2020ൽ കൊവിഡ് കാലത്തും ശമ്പളമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു 108 ആംബുലൻസ് ജീവനക്കാർ.
ജില്ലയിൽ 15 ആംബുലൻസുകൾ
ഏഴ് ആംബുലൻസ് 24 മണിക്കൂറും എട്ട് ആംബുലൻസ് 12 മണിക്കൂറും ആണ് ജില്ലയിൽ സർവീസ് നടത്തുന്നത്. 24 മണിക്കൂർ സർവീസ് നടത്തുന്ന ആംബുലൻസിൽ രണ്ട് ഡ്രൈവറും രണ്ട് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനുമാണുള്ളത്. ലീവ് എടുത്താൽ പകരം ജീവനക്കാരും ഉണ്ട്.
എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന് 21,000 രൂപയും
ഡ്രൈവർക്ക് 16,000 രൂപയുമാണ് ശമ്പളം.
എന്നാൽ ലഭിക്കുന്നത് അതിൽ കുറവും.
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ എത്തുന്ന എല്ലാ അത്യാഹിത കേസുകളും കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്യുന്നത്. സാധാരണക്കാർക്ക് വലിയ അനുഗ്രഹമാണ് 108 ആംബുലൻസ്. പത്തനംതിട്ടയിൽ നിന്ന് കോട്ടയത്തേക്ക് 2000 മുതൽ 3000 രൂപയോളം സ്വകാര്യ ആംബുലൻസുകൾ ഇൗടാക്കാറുണ്ട്. 108ൽ ഇത് സൗജന്യമാണ്.
സർക്കാർ ആശുപത്രി അധികൃതർ
ഇന്നലെ രാവിലെ 8 മുതലായിരുന്നു സമരം. ആരോഗ്യ മന്ത്രി വിളിച്ച ചർച്ചയുടെ അടിസ്ഥാനത്തിൽ 30ന് ശമ്പളം നൽകാമെന്ന് ഉറപ്പ് നൽകിയതോടെ സമരം പിൻവലിച്ചു. എല്ലാ മാസവും
ഇനി 10ന് മുമ്പ് ശമ്പളം നൽകാമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
ജാക്സസൺ ജേക്കബ്, ജില്ലാ സെക്രട്ടറി
കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയിസ്
യൂണിയൻ സി.ഐ.ടി.യു