തിരുവല്ല : ഒരേക്കർ വിസ്തൃതിയുള്ള അഴിയിടത്തുചിറ ക്ഷേത്രക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു. താലൂക്കിലെ പഴക്കമേറെയുള്ള വലിയകുളങ്ങളിൽ ഒന്നാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള കുളം പലയിടത്തും കാടുമൂടിയ അവസ്ഥയിലാണ്. ക്ഷേത്രത്തിനോട് ചേർന്ന ഭാഗത്തും റോഡരികിലും മാത്രമാണ് നിലവിൽ സംരക്ഷണ ഭിത്തിയുള്ളത്. അതും ബലക്ഷയം വന്നതാണ്. പ്രദേശത്തെ ശുദ്ധജലവിതാനത്തിൽ ഈ കുളത്തിന് അതീവ പ്രാധാന്യമുണ്ട്. പഴയകാലത്ത് രാജകീയ പ്രൗഢിയിലായിരുന്നു കുളം സംരക്ഷിച്ചിരുന്നത്. പിന്നീട് ദേവസ്വം ബോർഡ് നിയന്ത്രണം ഏറ്റെടുത്തതോടെ കുളത്തിന്റെ പ്രൗഢി ക്ഷയിച്ചു തുടങ്ങി. 2018ലെ പ്രളയത്തിൽ ഉൾപ്പെടെ ഒഴുകിയെത്തിയ ചെളി അടിഞ്ഞുകൂടിയത് കുളം മലിനമാകാൻ പ്രധാന കാരണമായി. ചെളി നീക്കംചെയ്ത് സംരക്ഷണഭിത്തി കെട്ടിയില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. കുളത്തിനോട് ചേർന്നാണ് പ്രദേശത്തെ പ്രധാന പാതകളും കടന്നുപോകുന്നത്. കുളം സംരക്ഷണമില്ലാതെ നശിക്കുന്നതോടൊപ്പം സമീപത്തെ റോഡുകളും കുളത്തിലേക്ക് ഇടിഞ്ഞുവീഴാനും സാദ്ധ്യതയുണ്ട്. ചരിത്രവും ഐതീഹ്യവും പഴമയും നിറഞ്ഞ അഴിയിടത്തുചിറ മഹാദേവക്ഷേതക്കുളത്തിന് പ്രദേശവുമായി ബന്ധപ്പെട്ട് പ്രാധാന്യം ഏറെയാണ്. ഇവിടുത്തെ ഇരുപതോളം ക്ഷേത്രങ്ങളുടെ ആറാട്ട് ക്രിയകൾ നടക്കുന്നത് ഇവിടെയാണ്.
...............................................
പുരാതനമായ ക്ഷേത്രക്കുളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനും എം.എൽ.എയ്ക്കും നിവേദനം നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. .ജലസംരക്ഷണത്തിന് ഇത്രയേറെ വലുപ്പമുള്ള കുളം സമീപത്തെങ്ങും ഇല്ല. കുളങ്ങൾ സംരക്ഷിക്കാനും സൗന്ദര്യവത്കരിക്കാനും വിവിധ പദ്ധതികൾ ഉണ്ടായിട്ടും പരിഗണിക്കാത്തതിനാൽ ശ്രമം തുടരുകയാണ്.
പി.എസ്. മനോഹരൻ
(ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്)
...........................
1. 2018ലെ പ്രളയത്തിൽ ചെളി അടിഞ്ഞുകൂടി
2. 20 ക്ഷേത്രങ്ങളിലെ ആറാട്ട് നടക്കുന്ന കുളം
3. ചരിത്രവും ഐതീഹ്യവും പഴമയും ഏറെ