തിരുവല്ല : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത കേസിൽ യുവതി പൊലീസിന്റെ പിടിയിലായി. ആലപ്പുഴ വെളിയനാട് കുന്നങ്കരി വാഴയിൽ ചിറയിൽ വീട്ടിൽ ജയലക്ഷ്‌മി (23) ആണ് അറസ്റ്റിലായത്. തിരുവല്ലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ കാവുംഭാഗത്തെ എസ്.എം.എൽ ഫിനാൻസിൽ കഴിഞ്ഞ ഏപ്രിൽ 19നാണ് തട്ടിപ്പ് നടത്തിയത്. 23 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല എന്ന വ്യാജേന പണയംവച്ച് 1,07,000 രൂപ വാങ്ങിയശേഷം മുങ്ങുകയായിരുന്നു. കടയുടമ നടത്തിയ പരിശോധനയിൽ മാല സ്വർണ്ണം അല്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സി.ഐ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.