പത്തനംതിട്ട: പത്താംക്ലാസ് വിദ്യാർത്ഥിനിയെ അമ്മയുടെ സഹേദരന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടമ്പനാട് നെല്ലിമുകൾ കുണ്ടോമറ്റത്ത് മലനട വാഴവിളയിൽ ബിജു-സന്ധ്യാ ദമ്പതികളുടെ ഏകമകൾ അരുന്ധതി (15)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4നും 4.45നും മദ്ധ്യേ പത്തനംതിട്ട അഞ്ചക്കാല പാറയിൽ സന്തോഷിന്റെ വീട്ടിലാണ് സംഭവം.കടമ്പനാട് വിവേകാനന്ദ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അരുന്ധതി. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ കുട്ടിക്ക് പനിയും വയറുവേദനയും അനുഭവപ്പെട്ടു. മാതാവ് സന്ധ്യ സ്‌കൂളിലെത്തി കൂട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം പത്തനംതിട്ടയിലെ സഹോദരന്റെ വീട്ടിലാക്കി. വൈകിട്ട് നാലുമണിയോടെ സന്ധ്യയെ സഹോദരൻ ബസ് കയറ്റിവിട്ട ശേഷം തിരികെയെത്തിയപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ട് പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് മുറി തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അരുന്ധതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
പരീക്ഷാ പേടി ഉണ്ടായിരുന്ന കുട്ടിക്ക് മുമ്പ് കൗൺസലിംഗ് നൽകിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
പൊലീസ് കേസെടുത്തു. സംസ്‌കാരം പിന്നീട്.