arogya-vibhagam
അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിടങ്ങളിൽ അധികൃതർ പരിശോധന നടത്തുന്നു

പന്തളം : വൃത്തിഹീനമായ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. 150ൽ പരം അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തോന്നല്ലൂർ ഉളമ ഭാഗത്തുള്ള മൂന്നു കെട്ടിടങ്ങൾക്ക് ഒരാഴ്ചയ്ക്ക് മുമ്പ് നഗരസഭ നോട്ടീസ് നൽകിയിരുന്നു. മാലിന്യ സംസ്കരണം ഇല്ലാതെയും അടിസ്ഥാന സാഹചര്യങ്ങൾ ഒരുക്കാതെയും നഗരസഭയുടെ അനുമതി ഇല്ലാതെ നിർമ്മിച്ച കെട്ടിടങ്ങളാണ് ഇവ. ഇന്നലെ രാവിലെ ഉളമയിലെ വയലിൽ തുരുത്ത് ഭാഗത്തുള്ള കെട്ടിടത്തിലാണ് അധികൃതർ പരിശോധന നടത്തിയത്. തൊഴിലാളികൾ താമസിക്കുന്നില്ലെന്ന് കെട്ടിട ഉടമ അഫീർ നിവാസിൽ ഹാരിസ് പറഞ്ഞെങ്കിലും ഇത് തെറ്റാണെന്ന് കണ്ടെത്തി. . നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്, നഗരസഭ കൗൺസിലർമാരായ കെ. സീന, എച്ച്.സക്കീർ , നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ദീപു രാഘവൻ, പന്തളം പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.