rubber

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നലെ മുന്തിയ ഇനം റബറിന്റെ വില 217 രൂപയായിരുന്നു. എന്നാൽ, കർഷകർക്കു ലഭിച്ചത് 205 വരെ. ചില വൻകിട കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടയിലെ ലോബിയാണ് യഥാർത്ഥ വില കർഷകർക്ക് കിട്ടാതിരിക്കാൻ കാരണമെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. ഇടനിലക്കാരുടെ ഇൗ കളി റബർ മേഖലയിൽ എപ്പോഴുമുണ്ട്. സംസ്ഥാനത്ത് ആറുമാസമായി റബർ ഉദ്പ്പാദനമില്ല. കടുത്ത വേനലും മഴയും കാരണം ടാപ്പിംഗ് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങിൽ മഴ മാറിയതോടെ ടാപ്പിംഗ് പുനരാരംഭിച്ചു. കർഷകന് വില ലഭിക്കേണ്ട സമയത്ത് ഇടനിലക്കാരുടെ ഇടപെടൽ കാരണം വിലയിടിയുമോ എന്ന ഭയത്തിലാണ് കർഷകർ. അന്താരാഷ്ട്ര വില താഴ്ന്നു നിൽക്കുമ്പോൾ സംസ്ഥനത്ത് ഉയർന്ന വില ലഭിക്കുന്നത് കർഷകർക്ക് ആശ്വാസകരമായിരുന്നു. ഇടനിലക്കാർ വില ഇടിച്ചു താഴ്ത്തുമോ എന്നാണ് ആശങ്ക.

വ്യാപാരികളുടെ ഒത്തുകളി

ഒരു വിഭാഗം വ്യാപാരികളും കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണ് കർഷകർക്ക് ന്യായ വില ലഭിക്കാൻ തടസമാകുന്നത്. ഇപ്പോഴത്തെ നിലയിൽ കർഷകർക്ക് 210 രൂപയെങ്കിലും ലഭിക്കണമെന്നാണ് ആവശ്യം. ഉദ്പ്പാദന ചെലവിന് അനുസരിച്ച് കർഷകർക്ക് ആദായം ലഭിക്കണമെങ്കിൽ ഷീറ്റിന്റെ വില കിലോയ്ക്ക് 250 ആയി ഉയരണമെന്നാണ് കർഷകരുടെ ആവശ്യം.

'' ജനപ്രതിനിധികൾ ഗൗരവമായി ഇടപെടാത്തതുകൊണ്ടാണ് റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത്. റബർ കൃഷി അന്യ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ.
ശ്രീധരൻ, റബർ ഉൽപ്പാദക സംഘം ഭാരവാഹി

ഒരു കിലോ റബറിന്റെ വില :

കമ്പനികൾ നൽകിയത് : 217 രൂപ

കൃഷിക്കാരന് ലഭിച്ചത് : 205 രൂപ