പത്തനംതിട്ട : നഗരസഭ പുതിയ ബസ് സ്റ്റാൻഡ് യാർഡിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ആഗസ്റ്റ് 15ന് നടത്താൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്‌പെഷ്യൽ അസിസ്റ്റൻസ് പദ്ധതി പ്രകാരമാണ് നിർമ്മാണം പൂർത്തിയാകുന്നത്. രണ്ടാം ഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനവും ഇതോടൊപ്പം നടക്കും.
വിവിധ ഘട്ടങ്ങളിലായി നടന്ന പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ശേഷമാണ് നിർമ്മാണം നടക്കുന്നത്. തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ വിദഗ്ദ്ധ സംഘം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെയും, പൊതു ജനങ്ങൾ, വ്യാപാരികൾ, ബസുടമകൾ എന്നിവരുമായി ചർച്ച നടത്തി തയ്യാറാക്കി അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ശാസ്ത്രീയ പരിഹാരം കണ്ടെത്തുകയായിരുന്നു.
തറയിൽ നിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കി ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് സ്‌പെസിഫിക്കേഷൻ അനുസരിച്ച് ജി എസ് പി, വെറ്റ് മിക്‌സ് എന്നിവ നിറച്ച് മുകളിൽ ഇന്റർലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് യാർഡ് ഒരുക്കിയിരിക്കുന്നത്. വിപുലമായ ഡ്രയിനേജ് സംവിധാനമാണ് യാർഡിനോടൊപ്പം തയ്യാറാക്കിയിരിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ
നിലവിലെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ രണ്ട് ഘട്ടമായി നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ 30 ശതമാനം പ്രവൃത്തിയാണ് പൂർത്തിയാക്കേണ്ടത്. സ്റ്റാൻഡിന്റെ ശേഷിക്കുന്ന ഭാഗം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പൂർത്തിയാക്കുക, കെട്ടിടത്തിന്റെ നവീകരണം, മുകൾനിലയുടെ നിർമ്മാണം, ബസ് സ്റ്റാൻഡിനോട് ചേർന്ന് വിശാലമായ പാർക്കിംഗ് സൗകര്യം, ഹാപ്പിനസ് പാർക്ക്, ഡ്രൈവ് വേ, നടപ്പാത എന്നിവ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.
നിർമ്മാണം 5 അഞ്ച് കോടി രൂപ ചെലവിൽ
-----------------------------
നഗരസഭാ ഭരണസമിതികൾക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്ന ഒന്നാണ് ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ. ശാസ്ത്രീയമായി പരിഹരിക്കുക എന്ന നിലപാടിലുറച്ച് ഭരണസമിതി നടത്തിയ നിരന്തര ഇടപെടലിലൂടെയാണ് ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹം സഫലമാകുന്നത്.
അഡ്വ. ടി. സക്കീർ ഹുസൈൻ
നഗരസഭ ചെയർമാൻ