റാന്നി : മഴ മാറിയിട്ടും അത്തിക്കയം കൊച്ചുപാലം പൊളിച്ചുപണിയുന്ന ജോലികൾ ആരംഭിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ. റിബിൽഡ് കേരളയിൽ നവീകരണം നടക്കുന്ന അത്തിക്കയം - കടുമീൻചിറ റോഡിലെ കൊച്ചുപാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് തോട്ടിൽ പതിച്ചതു മൂലം ഒരു മാസമായി അപകടാവസ്ഥയിലാണ്. സംരക്ഷണഭിത്തി ഇടിഞ്ഞതിന് പിന്നാലെ നാട്ടുകാരും പഞ്ചായത്തും ഇടപെട്ട് ഗതാഗതം ഭാഗികമായി തടഞ്ഞിരുന്നു. തുടർന്ന് റിബിൽഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പാലത്തിലൂടെ ഗതാഗതം സാദ്ധ്യമല്ലെന്നും പൊളിച്ചു പണിയുക മാത്രമാണ് പോംവഴിയെന്നും രണ്ടാഴ്ചക്കകം നിർമ്മാണം ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. പിന്നീടുണ്ടായ ശക്തമായ മഴ നിർമ്മാണം തുങ്ങാൻ തടസ്സമായി. മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും പാലത്തിന്റെ കാര്യത്തിൽ വലിയ പുരോഗതി ഉണ്ടാകാതായതോടെയാണ് നാട്ടുകാർ ഇത്തരത്തിൽ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസും , ബി.ജെ.പി യും വിഷയത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. കാലപ്പഴക്കം മൂലം പാലത്തിന്റെ സ്ളാബിന്റെ അടിത്തട്ടിലെ സിമന്റ് പാളികളും ഇളകിവീഴുകയാണ്. 1.8 കിലോമീറ്റർ നീളമുള്ള കോൺക്രീറ്റ് റോഡിലെ പാലവും 100 മീറ്റർ സമീപനപാതയുമാണ് ഇനിയും പൂർത്തിയാകാനുള്ളത്. റോഡ് നവീകരണത്തിനൊപ്പം പാലം പൊളിച്ചുപണിയാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും കരാറുകാരന്റെ അലംഭാവംമൂലം നിർമ്മാണം മുടങ്ങുകയായിരുന്നു.