ചെങ്ങന്നൂർ: ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്ത് ചെങ്ങന്നൂർ മാസ്റ്റർപ്ലാൻ അംഗീകരിക്കണമെന്ന് സി പി എം ആവശ്യപ്പെട്ടു. ടൗൺ മാസ്റ്റർ പ്ലാൻ പദ്ധതിയിൽ നഗരസഭയിലെ കുറെയധികം വാർഡുകൾ ദുരന്തബാധിത പ്രദേശമായിട്ട് നാളുകളേറെയായി. ഫലപ്രദമായ രീതിയിൽ പ്രാദേശികമായ വിവരശേഖരണം നടത്താതെയും പ്രദേശവാസികളുടെ അഭിപ്രായം തേടാതെയും പഠിക്കാതെയും ഏകപക്ഷീയവും അശാസ്ത്രീയവുമായാണ് മുനിസിപ്പൽ കൗൺസിൽ ഈ പദ്ധതി നടപ്പിലാക്കിയത്. ചെങ്ങന്നൂർ നഗരസഭയുടെ കെടുകാര്യസ്ഥതമൂലം ഉണ്ടായ ഗുരുതര പ്രതിസന്ധി ജനകീയ പിന്തുണയോടെ പരിഹരിക്കുന്നതിന് മന്ത്രി സജി ചെറിയാൻ നടത്തിയ തീവ്രപരിശ്രമങ്ങളുടെ ഫലമായാണ് വീണ്ടും സർവേ നടത്തി കരട് മാസ്റ്റർ പ്ലാൻ പുനഃപരിശോധിക്കാൻ ഗവൺമെന്റ് തീരുമാനിച്ചത്. എന്നാൽ പുതുക്കിയ മാസ്റ്റർപ്ലാൻ വാർഡ് സഭകളിലും കൗൺസിലിലും ചർച്ച ചെയ്തും പൊതുജനങ്ങളുടെ പരാതികൾ പരിഗണിച്ചും ഭേദഗതികൾ ഉൾപ്പെടുത്തി സംസ്ഥാന ഗവൺമെന്റിന് അയ‌യ്ക്കേണ്ട ഉത്തരവാദിത്വം നഗരസഭാ നേതൃത്വത്തിനാണ്.