മല്ലപ്പള്ളി : അതിജീവനത്തിന്റെ 41 വർഷങ്ങൾ ഡോ.ഭക്തി.പി.ജോസഫ് എന്ന ഈ മനുഷ്യന്റെ പേരുപോലെ തന്നെ വ്യത്യസ്തനാക്കുന്നതാണ് ജീവിതവും. 1983 ജൂലൈ 23ൽ പ്രണയവും രാഷ്ട്രീയവും ത്രസിപ്പിക്കുന്ന കലാലയ ജീവിതത്തിൽ തുരുത്തിക്കാട് ബി.എം.എം കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്നതിനിയിലാണ് ജീവിതം മാറ്റിമറിച്ച ദുരന്തം ഭക്തിക്ക് ഉണ്ടായത്. സ്വന്തം വീടിന്റെ പണികൾ നടക്കുന്നതിനിടയിൽ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് വലതുകൈ വേർപെട്ടു. സാധാരണക്കാരെ തളർന്നുപോകുന്ന സമയം. പൊരുത്തപ്പെടുവാൻ ഏറെ കഷ്ടപ്പെട്ട നാളുകൾ. അദ്ധ്യാപകരുടെ വാക്കുകൾ സുഹൃത്തുക്കളുടെ സ്നേഹവാത്സല്യം ജീവിതത്തിലേക്ക് തിരിച്ചു വരവിന് ഭക്തിക്ക് അധികസമയം വേണ്ടി വന്നില്ല. ഏറെ പരിശ്രങ്ങളുടെ ഫലമായി 1983ൽ ഹോമിയോ ഡോക്ടറായി. അന്നത്തെ കേന്ദ്ര വ്യവസായ സഹമന്ത്രിയായിരുന്ന പ്രൊഫ.പി.ജെ കുര്യൻ പുതുശേരിയിൽ അദ്ദേഹത്തിന്റെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. പിന്നീട് മല്ലപ്പള്ളിയിൽ ടൗണിലേക്ക് മാറ്റിയ ക്ലിനിക്കിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. ഹോമിയോപതിക് എന്നതിലുപരി വിവിധ സാമൂഹിക സന്നദ്ധ മേഖലകളിൽ തന്റെ കൈയൊപ്പ് പതിപ്പിച്ചു . ഇടതുകൈ കൊണ്ട് കാറോടിച്ച് എവിടെയും യാത്ര ചെയ്യും. നിരവധി പക്ഷി മൃഗാദികൾ ഡോക്ടറുടെ ജീവിതത്തിന് ഒപ്പമുണ്ട്. ഇടവേളകൾ ഇവയെ പരിപാലിക്കുന്നതിനും കൃഷിക്കുമായി നീക്കി വച്ചിരിക്കുന്നു.
കൈപ്പുണ്യമുള്ള ഡോക്ടർ
ഡോക്ടർ എന്ന നിലയിൽ കൈപ്പുണ്യമറിഞ്ഞ് ഭക്തിയെ തേടി നാടിന്റെ നാനാഭാഗത്ത് നിന്ന് രോഗികൾ എത്തുന്നു. ആനിക്കാട് പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിലെ ഹോമിയോ ഡോക്ടറായി വിരമിച്ച ഭക്തി ഹോമിയോപ്പതിയിൽ ഗവേഷണം നടത്തുന്ന സ്ഥാപനം ആരംഭിക്കുന്ന തിരക്കിടയിലും പരിസ്ഥിതി, മനുഷ്യവകാശ പ്രവർത്തനങ്ങൾക്കാണ് ഭാവി പരിപാടിയിൽ ലക്ഷ്യമിടുന്നത്. 40വർഷം പഞ്ചായത്തംഗവും ദന്ത ഡോക്ടുമായിരുന്ന പെരിഞ്ചേരി മണ്ണിൽ ഡോ.പി.ടി ജോസഫിന്റെയും അദ്ധ്യാപികയായ പി.ജെ. ഏലിയാമ്മയുടെയും മകനാണ് ഭക്തി. കാസർകോട് സബ്' ജഡ്ജ് മറിയം ശലോമിയാണ് ഭാര്യ.