കോന്നി: കൂറുമാറ്റ നിരോധന നിയമപ്രകാരം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ അയോഗ്യാക്കിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ശരിവച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ ജിജി സജി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് നൽകിയ ഹർജി തള്ളി. 2000 ൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്നാണ് ജിജി സജി വിജയിച്ചത്. 13 അംഗ ഭരണ സമിതിയിൽ യു.ഡി.എഫ് 7 , എൽ,ഡി,എഫ് 6 എന്നിങ്ങനെയായിരുന്നു കക്ഷിനില. അന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ജിജി സജി അവകാശവാദം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. തുടർന്ന് യു.ഡി.എഫിലെ എം.വി അമ്പിളി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം ജിജി സജി എൽ.ഡി.എഫിലേക്ക് കൂറുമാറി. തുടർന്ന് എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് പ്രസിഡന്റായി. ഇതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. 2023 ആഗസ്റ്റിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ജിജി സജിയെ അയോഗ്യാക്കി പ്രഖ്യാപിച്ചു. ഇതോടെ യു.ഡി.എഫ് 6, എൽ .ഡി.എഫ് 6 എന്നിങ്ങനെയായി കക്ഷിനില. ഇതിനെതിരെ ജിജി സജി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ കേസ് നൽകിയിരുന്നു. പിന്നീട് ഹൈക്കോടതി സിംഗിൾ ബഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ശരിവയ്ക്കുകയായിരുന്നു. തുടർന്ന് യു.ഡി.എഫിലെ എം വി അമ്പിളി നറുക്കെടുപ്പിലൂടെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 30 ന് സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ ഡിവിഷൻ ഉൾപ്പെട്ടിട്ടില്ല.