മല്ലപ്പള്ളി : ഗ്രാമീണ റോഡുകളിൽ ബസ് സർവീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനും മോട്ടോർ വാഹന വകുപ്പ് ജനകീയ സദസ് സംഘടിപ്പിക്കുന്നു. കെ എസ് ആർ ടി സി യും പ്രൈവറ്റ് ബസുകളും കാര്യക്ഷമമായി സർവീസ് നടത്താത്ത റൂട്ടുകളിലെ ബുദ്ധിമുട്ടുകൾ യാത്രക്കാർ അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണിത്. ജനകീയ സദസുകൾ സംഘടിപ്പിച്ച് റിപ്പോർട്ട് നൽകാൻ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും, ജോയിന്റ് ആർ.ടി.ഒമാർക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.എം.എൽ.എ.മാർ തദ്ദേശസ്ഥാപന പ്രതിനിധികൾ പൊതു പ്രവർത്തകർ, കെഎസ്ആർടിസി അധികൃതർ , പ്രൈവറ്റ് ബസ് ഉടമകൾ, റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർ എന്നിവരെ ഉൾക്കൊള്ളിച്ചാണ് ജനകീയ സദസ് നടത്തുന്നത് . മല്ലപ്പള്ളി താലൂക്കിലെ ജനകീയ സദസ് 30 ന് ഉച്ചയ്ക്ക് 2.30 ന് താലൂക്ക് ഹാളിൽ നടക്കും. അഡ്വ.മാത്യു.ടി.തോമസ് എം.എൽ. എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.പ്രമോദ് നാരായണൻഎം.എൽ.എ മുഖ്യാതിഥിയാകും. വിഷയവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണെന്ന് മല്ലപ്പള്ളി ജോയിന്റ് ആർ.ടി .ഓ മുരളീധരൻ.എം അറിയിച്ചു.