കോന്നി: നിർമ്മാണം പൂർത്തിയാകുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ബസുകൾക്ക് പുറത്തേക്ക് പോകാനുള്ള റോഡ് നിർമ്മിക്കാനായി കണ്ടെത്തിയ ഭാഗത്ത് ഗ്രാമപഞ്ചായത്ത് മറ്റൊരു നിർമ്മാണത്തിന് ശ്രമിക്കുന്നതായി പരാതി. ഡിപ്പോയിലേക്ക് ബസുകൾ ഇറങ്ങാനുള്ള റോഡിന് വേണ്ടത്ര വീതി ഇല്ലാത്തതിനാൽ ഇതുവഴി ബസുകൾക്ക് തിരികെ പോകാൻ കഴിയില്ല. ഇതിന് പരിഹാരമായാണ് പുതിയ റോഡ് നിർമ്മിക്കാൻ തീരുമാനിച്ചത്. നവകേരള സദസിന്റെ ഭാഗമായി നാരായണപുരം ചന്തയിലൂടെ നിർമ്മിച്ച റോഡ്, ബസുകൾക്ക് തിരികെ പോകാനുള്ള വഴിയായി ഉപയോഗിക്കാനായിരുന്നു പദ്ധതി. എന്നാൽ ബുധനാഴ്ചയാണ് പഞ്ചായത്ത് അധികൃതർ എത്തി മറ്റൊരുനിർമ്മാണത്തിനായി റോഡിന്റെ മദ്ധ്യഭാഗം വരെ അളന്ന് കുറ്റിയടിച്ചത്. പഞ്ചായത്തിന്റെ എം.സി.എഫ് വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണത്തിനാണ് ഇതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നു. വഴി അടയ്ക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കോന്നിയുടെ വികസനത്തിന് തടസം നിൽക്കുന്നതാണെന്ന് കെ.യു.ജനിഷ് കുമാർ എം.എൽ.എ പറഞ്ഞു. അതേസമയം നിലവിലുള്ള വഴി അടുത്തിടെ നിർമ്മിച്ചതാണെന്നും രണ്ടുവശത്തും കെട്ടിടങ്ങൾ ഉള്ളതിനാൽ ഇതുവഴി ബസുകൾ കടന്നു പോകുന്നത് പ്രായോഗികമല്ലെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു പറഞ്ഞു.