പത്തനംതിട്ട : കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2246 പനി കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 30 കേസുകൾ ഡെങ്കിപ്പനിയാണ്. 98 കേസുകളിൽ ഡെങ്കിപ്പനിയാണോയെന്ന് സംശയിക്കുന്നുമുണ്ട്. ബാക്കിയുള്ളവ വൈറൽ പനികളാണ്. തലവേദനയും ക്ഷീണവും ആണ് വൈറൽ പനിയുടെ തുടക്കം. തൊണ്ടവരളുന്നതാണ് മറ്റൊരു ബുദ്ധിമുട്ട്. മൂക്കൊലിപ്പില്ലെങ്കിലും കഫം കാരണം ചുമ വർദ്ധിക്കുന്നുണ്ട്.
എല്ലാ ദിവസവും ഡെങ്കി കേസുകൾ
ജില്ലയിൽ എല്ലാ ദിവസവും ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ കണക്കിൽ ദിവസവും അഞ്ഞൂറിനടുത്ത് പനി രോഗികൾ ചികിത്സ തേടിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ഡെങ്കിപ്പനി ബാധിതരുണ്ട്.
കടുത്ത പനിയും തലവേദനയും സന്ധികളിലും പേശികളിലും വേദന, ക്ഷീണം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.
20 മുതൽ 24 വരെയുള്ള കണക്ക്
(തീയതി, പനി ബാധിതർ, ഡെങ്കിപ്പനി ബാധിച്ചവർ, ഡെങ്കിപ്പനി സംശയിക്കുന്നവർ, ഡെങ്കി റിപ്പോർട്ട് ചെയ്ത തദ്ദേശ സ്ഥാപനം എന്ന ക്രമത്തിൽ)
24ന് പനി ബാധിതർ : 418
ഡെങ്കി : 7 (സംശയം : 23)
പള്ളിക്കൽ 2, അടൂർ 2, കവിയൂർ, മല്ലപ്പള്ളി, ഏറത്ത്
23ന് പനി ബാധിതർ : 569
ഡെങ്കി : 12 (സംശയം : 27)
പന്തളം, മെഴുവേലി, പത്തനംതിട്ട, ചിറ്റാർ, ചാത്തങ്കേരി, കടമ്മനിട്ട, കുറ്റൂർ, അടൂർ, അങ്ങാടി, കവിയൂർ, ചെന്നീർക്കര, പെരുനാട്
22ന് പനി ബാധിതർ : 566
ഡെങ്കി :4 (സംശയം : 6)
ഏഴംകുളം, അടൂർ 2, ഏനാദിമംഗലം
21ന് പനി ബാധിതർ : 249
ഡെങ്കി : 3(സംശയം :20 )
കൊക്കാത്തോട്, അടൂർ, മലയാലപ്പുഴ
20ന് പനി ബാധിതർ : 444
ഡെങ്കി : 4 (സംശയം : 22 )
പന്തളം തെക്കേകര 2, തിരുവല്ല 2
മഴ പെയ്തതോടെ വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുളള സാഹചര്യമുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും വീടിനുളളിലും പരിസരത്തും കെട്ടി നിൽക്കുന്ന വെളളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണം.
ആരോഗ്യ വകുപ്പ് അധികൃതർ