she-lodge
തിരുവല്ല നഗരസഭ രണ്ടുവർഷം മുമ്പ് നിർമ്മിച്ച ഷീ ലോഡ്‌ജ്‌

തിരുവല്ല : നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താവളം ഒരുക്കാനായി അരക്കോടി രൂപ ചെലവഴിച്ച് നഗരസഭ നിർമ്മിച്ച ഷീ ലോഡ്ജ് കെട്ടിടം അനാഥമായി. തിരുവല്ല വൈ.എം.സി.എ ജംഗ്ഷന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയിൽ രണ്ടുവർഷം മുമ്പ് നിർമ്മിച്ച കെട്ടിടമാണ് നോക്കുകുത്തിയായത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2020 ഓഗസ്റ്റിൽ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2022ഏപ്രിൽ 30ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. സംരക്ഷണ മതിൽ ഉൾപ്പെടെയുള്ള കെട്ടിടത്തിൽ 6 മുറികളുണ്ട്. ഉദ്ഘാടനശേഷം അടഞ്ഞ പ്രധാന കവാടം പിന്നീട് ഒരിക്കൽപ്പോലും തുറക്കേണ്ടി വന്നിട്ടില്ല. അനാഥമായി കിടക്കുന്ന കെട്ടിടം ഇപ്പോൾ ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

നീന്തൽക്കുളവും അനാഥം

അക്വാട്ടിക് അസോസിയേഷന്റെയും നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് പുഷ്പഗിരി റോഡിനോട് ചേർന്ന് 12വർഷം മുമ്പ് നിർമ്മിച്ച നീന്തൽകുളം ഉദ്ഘാടനം പോലും നിർവഹിക്കാതെ അനാഥമായി കിടക്കുകയാണ്. അതേസമയം വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആക്കി മാറ്റി കെട്ടിടം ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കുവാൻ നഗരസഭ അധികൃതർ തയാറാകണമെന്ന ആവശ്യവും ശക്തമാണ്.

നിർമ്മാണത്തിൽ അപാകത ?


കെട്ടിടത്തിന്റെ അടിത്തറയുടെ നിർമ്മാണത്തിൽ അടക്കം നിരവധി അപാകതകൾ ഉണ്ടെന്ന് സാങ്കേതിക പരിജ്ഞാനമുള്ള പലരും ചൂണ്ടിക്കാട്ടുന്നു. കെട്ടിടത്തിന്റെ അടിത്തറയുടെ ഉയരം വളരെ കുറവായതിനാൽ സെപ്റ്റിക് ടാങ്കിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്നത് ഉദ്ഘാടന ദിവസം തന്നെ കണ്ടെത്തിയിരുന്നു. ജനുവരിയിൽ നടന്ന നവകേരള സദസിൽ കെട്ടിടം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല വിജിലൻസ് കൗൺസിൽ നിവേദനം നൽകിയിരുന്നു. ഇതിൻറെ ഭാഗമായി നഗരസഭയിൽ നിന്നും ലഭിച്ച മറുപടിയിൽ വൈദ്യുതി, ശുദ്ധജല കണക്ഷൻ ലഭിച്ചതായും ഉടൻതന്നെ കെട്ടിടം പ്രവർത്തനക്ഷമമാക്കുമെന്നും വ്യക്തമാക്കിയിരുന്നു.

..................................

ഷീ ലോഡ്‌ജ്‌ കെട്ടിട നിർമ്മാണത്തിൽ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിന്റെ പരിശോധന ആവശ്യമുണ്ട്. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

(തിരുവല്ല നഗരസഭ അധികൃതർ)

..................

അടഞ്ഞ കവാടം

6 മുറികൾ

നിർമ്മാണച്ചെലവ് 50 ലക്ഷം