manju

കൊടുമൺ : അങ്ങാടിക്കൽ തെക്ക് ചൂരപ്പണിയിൽ ഗീതയ്ക്ക് (44) സ്വപ്ന സാഫല്യം. തൊഴിലുറപ്പ് തൊഴിലാളിയായ ഗീത തന്റെ ഇഷ്ടനായിക മഞ്ജുവാര്യരെക്കുറിച്ച് എഴുതിയ കവിത, മഞ്ജുവാര്യരെ നേരിൽക്കണ്ട് കൈമാറി. മഞ്ജുവാര്യരെ പാടി കേൾപ്പിക്കാൻ കവിതയുമായി കാത്തിരിക്കുന്ന ഗീതയെപ്പറ്റി ഗ്രാമപഞ്ചായത്തംഗം ജിതേഷ് കുമാർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്തപ്പോഴാണ് മഞ്ജു അറിയുന്നത്.

കഴിഞ്ഞ ദിവസം മഞ്ജുവാര്യരുടെ സെക്രട്ടറി ഗീതയെ വിളിച്ചു. ജിതേഷ് കുമാർ ഗീത, കൂട്ടുകാരികളായ രൂപ, ജയ എന്നിവർക്കൊപ്പം കൊച്ചിയിലെത്തി മഞ്ജു വാര്യരെ കണ്ടു. മഞ്ജുവാര്യരെക്കുറിച്ച് താനെഴുതിയ പോയനാളുകൾ എന്ന രണ്ട് കവിതകൾ കൈമാറി. സന്തോഷത്തോടെ മഞ്ജു ഗീതയെ ചേർത്തുനിറുത്തി. ഇതിലും വലിയ സന്തോഷമില്ലെന്ന് ഗീത പറഞ്ഞു. ചെറുപ്പകാലത്ത് തലവേദനയെ തുടർന്നാണ് ഗീത ഭക്തി ഗാനങ്ങൾ എഴുതിത്തുടങ്ങിയത്. ഗണപതി ഭഗവാന് ഒരു ശ്ലോകം എഴുതിയാണ് കവിതാ രചനയ്ക്ക് തുടക്കം. ശ്രീകൃഷ്ണഭഗവാനേയും ശ്രീനാരായണ ഗുരുവിനേയും അയ്യപ്പ സ്വാമിയേയും ഭജിച്ച് കവിതകൾ എഴുതുന്ന ഗീതയ്ക്ക് പ്രളയവും ശബരിമല സ്ത്രീ പ്രവേശനവും പ്രപഞ്ചവും ഭൂമിയും സൂര്യചന്ദ്രൻമാരും കവിതയ്ക്ക് വിഷയങ്ങളായിട്ടുണ്ട്. അൻപതിലധികം കവിതകൾ എഴുതിയിട്ടുണ്ട്.