കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി ഭാഗത്ത് വാഹനങ്ങൾ ഓടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം വ്യാപകമാകുമ്പോഴും ഇതിനെതിരെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പോ, പൊലീസോ തയാറാകാത്തത് അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിനു ശേഷമാണ് ഇത് വർദ്ധിച്ചിട്ടുള്ളത്. ക്വാറികളിൽ നിന്ന് പാറ ഉൽപന്നങ്ങൾ കയറ്റി അമിത വേഗതയിൽ പായുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ പോലും ഇത്തരത്തിൽ അശ്രദ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റിനുള്ളിൽ വച്ചാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്.നാലു റോഡുകൾ സംഗമിക്കുന്ന കോന്നി സെൻട്രൽ ജംഗ്ഷനിൽ വരെ മൊബൈൽ ഉപയോഗിച്ചാണ് വാഹനങ്ങൾ തിരിച്ചു കൊണ്ടു പോകുന്നത്. റോഡുകൾ മികച്ച നിലവാരത്തിലായതോടെ അമിത വേഗതയിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇത് നിരന്തര അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു . അടുത്ത കാലത്ത് നിരവധി അപകടങ്ങളാണ് ഈ പാതയിൽ ഉണ്ടായതും, മരണങ്ങൾ സംഭവിച്ചതും. മൊബൈൽഫോൺ ഉപയോഗിച്ചു കൊണ്ട് വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.