തിരുവല്ല: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നഗരസഭ അനുവദിക്കുന്ന സ്ഥലത്ത് മൾട്ടിലെവൽ കാർ പാർക്കിംഗ് സൗകര്യം ഒരുക്കാൻ ഫണ്ട് അനുവദിക്കുമെന്ന് മാത്യു ടി.തോമസ് എം.എൽ.എ. പറഞ്ഞു. തിരുവല്ല മർച്ചന്റ്‌സ് അസോസിയേഷനും പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും ചേർന്ന് വ്യാപാരികൾക്കായി ആരംഭിച്ച ഹെൽത്ത് കെയർ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുമെന്നും പബ്‌ളിക് സ്റ്റേഡിയത്തിനോട് ചേർന്ന ഭാഗത്തെ മാലിന്യം പൂർണമായും നീക്കംചെയ്യുമെന്നും മാലിന്യ സംസ്‌കരണത്തിനു് ബദൽ സംവിധാനം ഉടൻ കണ്ടെത്തുമെന്നും നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു. പുഷ്പഗിരി ആശുപത്രി സി.ഇ.ഒ.ഫാ.ഫിലിപ്പ് പയ്യംപള്ളിൽ, മർച്ചന്റ്‌സ് സഹകരണസംഘം പ്രസിഡന്റ് സജി എം.മാത്യു, ശ്രീനിവാസ് പുറയാറ്റ്, എം.കെ.വർക്കി, മാത്യൂസ് ജേക്കബ്, രഞ്ജിത്ത് ഏബ്രഹാം, ഷിബു പുതുക്കേരിൽ, ബിനു ഏബ്രഹാം, അബിൻ ബക്കർ, ആർ.ജനാർദ്ദനൻ, ജോൺസൺ തോമസ് എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് കെയർ പദ്ധതിയെ കുറിച്ച് പുഷ്പഗിരി ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഫാ.തോമസ് പരിയാരത്ത് വിശദീകരിച്ചു. ഹെൽത്ത് കാർഡുകൾ വ്യാപാരികൾക്ക് വിതരണം ചെയ്തു.