r

ക്രോസ് സ്റ്റിച്ചിംഗ് രീതിയിൽ ചിത്രങ്ങളൊരുക്കി വീട്ടമ്മ

പത്തനംതിട്ട: വീട്ടമ്മയായ ഷൈലാ റോയിയുടെ കൈയിൽ അല്പം തുണിയും നൂലും കിട്ടിയാൽ പിറവിയെടുക്കുന്നത് വിസ്മയ ചിത്രങ്ങളാണ്. കേരളത്തിന് അധികം പരിചിതമല്ലാത്ത ക്രോസ് സ്റ്റിച്ചിംഗ് രീതിയിലൂടെ ഓമല്ലൂർ പവ്വത്ത്പുത്തൻ വീട്ടിൽ ഷൈല തയ്യാറാക്കിയത് നിരവധി ചിത്രങ്ങളാണ്. യേശുവിന്റെ തിരുവത്താഴം, മണർകാട് പള്ളിയുടെ അൾത്താര, മൊണോലിസ തുടങ്ങി ഒട്ടേറെ ചിത്രങ്ങളുണ്ട് വീടിന്റെ ചുമരിൽ . സൗദി അറേബ്യയിൽ നഴ്സായിരുന്ന ഷൈലയെ ഒപ്പം ജോലിചെയ്തിരുന്ന ഫിലിപ്പൻസുകാരിയായ ജൂഡിത്താണ് ക്രോസ് സ്റ്റിച്ചിംഗ് പരിശീലിപ്പിച്ചത്. ക്ഷമയും സൂഷ്മതയും കഠിനമായ പരിശ്രമവും ഏറെ സമയവും വേണ്ട രംഗമാണ് ക്രോസ് സ്റ്റിച്ചിംഗ്.
ഇതിനായി ബഹുവർണ്ണ ചിത്രങ്ങളെ ആധുനിക സംവിധാനത്തിലൂടെ കളർ കോഡുകളാക്കി മാറ്റും. ഈ കോഡുകൾക്കനുസൃതമായ നൂലുകൾ ആമസോൺ പോലുള്ള ഓൺലൈൻ കമ്പനികളിൽ നിന്ന് വരുത്തിയാണ് ഷൈല ചിത്രം നെയ്യുന്നത്. ഇങ്ങനെ ചിത്രങ്ങൾ നെയ്‌തെടുക്കാനുള്ള കളർ കോഡുകളിലുള്ള നൂലുകൾ കേരളത്തിൽ ലഭ്യമല്ല.

ഭർത്താവ് റോയിയുമൊത്ത് 1989ലാണ് ഷൈലാ റോയി സൗദിയിലെത്തുന്നത്. ജോലി കഴിഞ്ഞ് കിട്ടുന്ന സമയമാണ് ക്രോസ് സ്റ്റിച്ചിംഗ് പഠനത്തിനായി ഉപയോഗിച്ചത്. 28 വർഷത്തിന് ശേഷം നാട്ടിൽ തിരികെയെത്തി. മക്കളുടെ വിവാഹം കഴിഞ്ഞതോടെ ഈ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നാടക നടനും സംവിധായകനുമായ റോയി ഇപ്പോൾ ഓമല്ലൂരിൽ ഇലക്ട്രിക് ഷോപ്പ് നടത്തുകയാണ്. റോയി കടയിലേക്ക് പോയിക്കഴിഞ്ഞാൽ ഷൈല ചിത്രങ്ങളുടെ ലോകത്തേക്ക് കടക്കും.

ഒരു ചിത്രം നെയ്‌തെടുക്കാൻ ചിലപ്പോൾ വർഷങ്ങൾതന്നെ വേണ്ടിവന്നേക്കാം. സമചിത്തതയോടെയും അർപ്പണബോധത്തോടെയും മാത്രമേ ക്രേസ് സ്റ്റിച്ചിംഗ് മേഖലയിൽ വിജയംനേടാനാകു

ഷൈലാ റോയ്