പത്തനംതിട്ട: നഗരത്തിൽ ഗാന്ധി സ്ക്വയറിന് സമീപത്തെ നമ്പർ വൺ ചിപ്‌സ് സെന്ററിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചിപ്‌സ് സെന്ററിൽ നിന്ന് ഇന്നലെ രാവിലെ 9.30 ഓടെയാണ് തീയും പുകയും ഉയർന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ തീ പിടിത്തത്തിൽ കത്തിനശിച്ച കടയാണിത്. പിന്നീട് പുതുക്കിപ്പണിതതാണ്. കടയ്ക്കുള്ളിൽ പഴയ ഹാർഡ് ബോർഡുകൾ കൂട്ടിയിട്ട ഭാഗത്താണ് തീ കണ്ടത്. അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും കടയിലെ ജീവനക്കാർ തീ അണച്ചിരുന്നു. പഴയ സാധന സാമഗ്രികൾ ഇവിടെ അശ്രദ്ധയോടെ സൂക്ഷിക്കുന്നതായി കണ്ടെത്തി. വയറിംഗ് സംവിധാനത്തിലും പാകപ്പിഴകളുണ്ട്. ചിപ്‌സ് തയ്യാറാക്കാനുള്ള ചീനച്ചട്ടി, മറ്റ് സാമഗ്രികൾ എന്നിവ കടയിൽ സൂക്ഷിച്ചിരുന്നു. ഗ്യാസ് സിലിണ്ടറും ഉണ്ടായിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ കടയിൽ ഉപ്പേരി തയ്യാറാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ ചോർന്ന് സമീപത്തെ അഞ്ച് കടകളിലേക്ക് തീ പടർന്നിരുന്നു. ജീവനക്കാർക്ക് പരിക്കേൽക്കുകയുമുണ്ടായി.റോഡിനോട് ചേർന്നായിരുന്നു എണ്ണ നിറച്ച വലിയ ചീനച്ചട്ടി വച്ചിരുന്നത്. കടക്കുള്ളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് റോഡിലേക്ക് വീണു. അപകടത്തെ തുടർന്ന് റോഡിനോട് ചേർന്ന് തുറന്നസ്ഥലത്ത് ചിപ്‌സ് നിർമ്മിക്കുന്നത് നിരോധിച്ചു. പിന്നീട് കടകൾ പുതുക്കിപ്പണിതാണ് കച്ചവടം ആരംഭിച്ചത്.