ബുധനൂർ : കാലവർഷമെത്തിയാൽ ബുധനൂർ പ്ലാക്കാത്തറക്കാർക്ക് ദുരിതമാണ്. ബുധനൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ എണ്ണയ്ക്കാട് കിഴക്ക് പ്ലാക്കാത്തറയിൽ 40 കുടുംബങ്ങളാണ് വർഷങ്ങളായി ദുരിതം അനുഭവിക്കുന്നത്. ചെറിയൊരു മഴ പെയ്താൽ ഈ ഭാഗത്തെ പകുതിയോളം വീടുകളും വെള്ളത്താൽ ചുറ്റപ്പെടും. റോഡിലും വീടിന്റെ പരിസരങ്ങളിലും വെള്ളം കയറുന്നതോടെ വീട്ടുകാർ തീരാ ദുരിതത്തിലാകും. പിന്നെ ഇവർക്ക് പുറം ലോകത്തെത്തണമെങ്കിൽ മൂന്ന് മുതൽ അഞ്ച് അടിവരെ വെള്ളത്തിൽ നീന്തേണ്ടതായിവരും. വർഷത്തിൽ മൂന്നും നാലും വെള്ളപ്പൊക്ക ദുരിതമാണ് പ്ലാക്കാത്തറക്കാർ അഭിമുഖീകരിക്കുന്നത്. കാലവർഷത്തെ തുടർന്നുണ്ടായതുൾപ്പെടെ ഇത്തവണ രണ്ട് പ്രാവശ്യമാണ് പ്ലാക്കാത്തറയിൽ വെള്ളപ്പൊക്കമുണ്ടായത്. അപ്പോഴല്ലാം ദുരിതാശ്വാസ ക്യാമ്പ് ഇവർക്കായി തുറക്കും. രണ്ടു കുടുംബങ്ങളിലെ ആറ് പേരാണ് നിരന്തരം ദുരിത ബാധിതരായി തിരുന്നതെന്നാണ് റവന്യു രേഖകളിൽ പറയുന്നത്. ഈ രണ്ടു കുടുംബങ്ങളെ ദിവസങ്ങൾക്കു മുമ്പ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തയ്യൂരിലെ പകൽ വീട്ടിലാണ് ഇവർക്കായി ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. അതുകൊണ്ട് തീരുന്നതല്ല ഞങ്ങളുടെ ദുരിതമെന്നും ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നുമാണ് പ്ലാക്കാത്തറക്കാർ പറയുന്നത്. എണ്ണക്കാട് പ്ലാക്കാത്തറയിൽനിന്ന് പ്രധാന റോഡിലേക്ക് എത്താൻ മൂന്ന് റോഡുകളാണുള്ളത്. അതിലൊന്ന് മെറ്റൽ നിരത്തി പുനർ നിർമ്മാണത്തിനായി കാത്തുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. പിന്നെയുള്ള രണ്ടെണ്ണവും മൺപാതകളാണ്. അറ്റകുറ്റപ്പണിക്കായി ഫണ്ട് അനുവദിച്ചെന്ന് കേൾക്കാൻ തുടങ്ങിയിട്ടും കാലങ്ങളേറെയായി. ഈ റോഡുകളെല്ലാം ഉയർത്തി എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കിയാൽ മാത്രമേ പ്ലാക്കാത്തറക്കാരുടെ ദുരിതത്തിന് അറുതിയാകൂ.
.................................
എല്ലാ വർഷവും ഈ ദുരിതമാണ് . അധികൃതർ ഇത് കണ്ട ഭാവം നടിക്കുന്നില്ല. ഇതിന് അടിയന്തരമായി പരിഹാരം കാണണം.
ജോയമ്മ
(സ്ഥലവാസി)
.................................................
ദുരിതത്തിലായത് 40 കുടുംബങ്ങൾ