photo
പൂങ്കാവ് ജംഗ്ഷനിൽ അപകട ഭീഷണിയായി മാറിയിരിക്കുന്ന ബദാം മരങ്ങൾ

പ്രമാടം : പൂങ്കാവ് ജംഗ്ഷനിൽ തണലൊരുക്കി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുകയോ ശിഖരങ്ങൾ കോതിനിറുത്തുകയോ വേണമെന്ന ആവശ്യം ശക്തമാകുന്നു. വേനലിൽ തണൽ ഒരുക്കിനിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങൾ മഴയ്ക്കും കാറ്റിനുമൊപ്പം അടർന്നുവീഴുന്നതാണ് അപകടങ്ങൾക്ക് കാരണം. ഓട്ടോറിക്ഷാ സ്റ്റാൻഡിനും വെയിറ്റിംഗ് ഷെഡിന് സമീപവും വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലുമായി ഇത്തരത്തിൽ നാല് വലിയ ബദാം മരങ്ങളാണുള്ളത്. കഴിഞ്ഞ ആഴ്ച മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ബദാം മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് ഓടിക്കൊണ്ടിരുന്ന കാർ തകരുകയും ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മറ്റൊരു ബദാം മരത്തിന്റ ചില്ല ഒടിഞ്ഞുവീണ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുൻവശത്തെ ഗ്ളാസ് തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ചില്ലകൾ ഒടിഞ്ഞുവീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്.

തിരക്കേറിയ കോന്നി - ചന്ദനപ്പള്ളി റോഡും പൂങ്കാവ് - പത്തനംതിട്ട റോഡും സംഗമിക്കുന്ന ജംഗ്ഷനാണിത്. പ്രമാടം ഗ്രാമപഞ്ചായത്തിന്റെ പ്രധാന കേന്ദ്രമാണ് പൂങ്കാവ്. മാർക്കറ്റും ഇവിടെയാണ് . നിരവധി ആളുകളാണ് ദൈനംദിനം ഇതുവഴി കടന്നുപോകുന്നത്. മുൻ വർഷങ്ങളിലും കാറ്റിനും മഴയ്ക്കുമൊപ്പം തണൽ മരങ്ങളുടെ ചില്ലകൾ അടർന്നുവീണ് വഴിയാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളുണ്ട്. സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾക്കും തകരാറുകൾ സംഭവിച്ചിരുന്നു.മഴക്കാലത്തിന് മുന്നോടിയായി തണൽ മരങ്ങളുടെ ചില്ലകൾ കോതിനിറുത്തുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഇതുവരെയും നടപടിയായിട്ടില്ല. ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓട്ടോ തൊഴിലാളികളും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.