തിരുവല്ല: സമഗ്രശിക്ഷ കേരളയിലേക്ക് സെക്രട്ടേറിയറ്റിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ നിയമന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. യൂണിയനും കെ.ജി.ഒ.എയും ചേർന്ന് നടത്തിവരുന്ന അനിശ്ചിതകാല സമരം 10ദിവസം പിന്നിട്ടു. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് ലഭിക്കുന്ന പ്രമോഷൻ സാദ്ധ്യത തകിടംമറിക്കുംവിധം സെക്രട്ടേറിയറ്റിൽ നിന്ന് ഡെപ്യൂട്ടേഷൻ നടപ്പാക്കിയതിനെതിരെയാണ് സമരം. തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ. യൂണിയൻ ജില്ലാട്രഷറർ എസ്.ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജി.ശ്രീരാജ്, ഏരിയ സെക്രട്ടറി ബി.സജീഷ്, കെ.എം.ഷാനവാസ്, സി.എൽ.ശിവദാസ്, അനൂപ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.