പത്തനംതിട്ട: നഗരത്തിലെ ജനറൽ ആശുപത്രിക്ക് പിൻഭാഗത്ത് ഡോക്ടേഴ്സ് ലൈനിൽ മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. ഇന്നലെ ഉച്ചക്കുശേഷമായിരുന്നു സംഭവം. കാറ്റിൽ തേക്കുമരമാണ് ഇവിടെ ഉണ്ടായിരുന്ന കാറിന്റെയും ഓട്ടോറിക്ഷയുടെയും മുകളിലേക്ക് വീണത്. മരമൊടിഞ്ഞ് ആദ്യം വൈദ്യുതി ലൈനിലാണ് വീണത്. വീഴ്ചയുടെ ആഘാതത്തിൽ വൈദ്യുതി കമ്പികൾ പൊട്ടി വൈദ്യുതി തൂണുകൾ ഒടിയുകയും ചെയ്തു. ഈ സമയം വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. മരങ്ങൾ വൈദ്യുതി ലൈനിൽ വീണശേഷം സാവധാനമാണ് വാഹനങ്ങളുടെ മുകളിലേക്ക് വീണത് ഇതിനാൽ വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചില്ല. പത്തനംതിട്ടയിൽ നിന്നും ഫയർഫോഴ്സും പൊലീസും ഇലക്ട്രിസിറ്റി ജീവനക്കാരും സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതവും വൈദ്യുതി ബന്ധവും പുനസ്ഥാപിച്ചു.