27-thengumkavu
ന്യൂട്രൽ ജെൻഡർ യൂണിഫോമിൽ തെങ്ങുംകാവ് സർക്കാർ ലോവർ പ്രൈമറി വിദ്യാലയം.

തെങ്ങുംകാവ്: ആൺ പെൺ വ്യത്യാസം ഒഴിവാക്കി സമഭാവനയുടെ ലോകത്തേക്ക് വളർന്നിറങ്ങാൻ ന്യൂട്രൽ ജെൻഡർ യൂണിഫോമൊരുക്കി തെങ്ങുംകാവ് സർക്കാർ ലോവർ പ്രൈമറി വിദ്യാലയം. അറിവ് സമ്പാദനത്തിനൊപ്പം നാളയുടെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം ഇവിടെ നടപ്പിലാക്കുന്നതിനാൽ നാട്ടിലെ രക്ഷിതാക്കളും ഇവിടെ മക്കളെ ചേർക്കാൻ ആഗ്രഹിക്കുന്നു. കൊവിഡിനു ശേഷം അടച്ചു പൂട്ടുമോ എന്ന് നാട്ടുകാർ ചിന്തിച്ച നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയം കഴിഞ്ഞ മൂന്നു വർഷമായി മാറ്റത്തിന്റെ പാതയിലാണ്. 2022 മുതൽ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടേയും പൂർവ വിദ്യാർത്ഥികളുടേയും കൂട്ടായ സഹകരണത്തിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി. വിദ്യാർത്ഥികളുടെ എണ്ണം 13ൽ നിന്ന് 30ലേക്ക് ഉയർന്നു. സ്‌കൂൾ ഡയറി, ഐഡി കാർഡ് എന്നിവ കൂടാതെ കുട്ടികളിൽ സമഭാവനയും ആൺ​പെൺ വ്യത്യാസവും ഇല്ലാതാക്കാനായി ന്യൂട്രൽ ജൻഡർ യൂണിഫോമും ഇന്നലെ മുതൽ നടപ്പിലാക്കി. കോന്നി ഉപ ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്ന ആദ്യ സർക്കാർ വിദ്യാലയമായി തെങ്ങുംകാവ് സ്‌കൂൾ. സമീപ വിദ്യാലയങ്ങളിലൊന്നും നടപ്പിലാക്കാത്ത പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഫലം സ്‌കൂൾ അഡ്മിഷനിൽ കണ്ടു തുടങ്ങിയതായി പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ് പറഞ്ഞു. ന്യൂട്രൽ ജൻഡർ യൂണിഫോം വിതരണ ഉദ്ഘാടനം പ്രമാടം പഞ്ചായത്ത് ആരോഗ്യ​വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ രാജി സി.ബാബു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം അമൃത സജയൻ, കവിത പീതാംബരൻ എന്നിവർ പ്രസംഗിച്ചു. യൂണിഫോം പദ്ധതിയുടെ സ്‌പോൺസറും പൂർവ വിദ്യാർത്ഥിയുമായ രാജു വാലുമണ്ണിലിനെ ചടങ്ങിൽ ആദരിച്ചു.