ശബരിമല : റോപ് വേ നിർമ്മാണത്തിനുള്ള നടപടികൾ ഒരാഴ്ചക്കുള്ളിൽ കൈക്കൊള്ളുമെന്ന ദേവസ്വം മന്ത്രിയുടെ വാക്കുകൾക്ക് വിലകൽപ്പിക്കാതെയുള്ള റവന്യു വകുപ്പിന്റ മെല്ലെപ്പോക്ക് പദ്ധതിക്ക് തിരിച്ചടിയാകുന്നു. മണ്ഡല - മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കം ആലോചിക്കാൻ പമ്പയിൽ കഴിഞ്ഞ 16ന് ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷമാണ് മന്ത്രി വി.എൻ വാസവൻ റോപ് വേ നിർമ്മാണത്തിലെ പ്രതീക്ഷകൾ പങ്കുവച്ചത്. ഇതോടെ നടപടികൾ വേഗത്തിലാകുമെന്ന് പ്രതീതി ഉണ്ടായെങ്കിലും റവന്യു വകുപ്പിന്റെ നിസഹകരണത്തിൽ മാറ്റമുണ്ടായില്ല. റോപ് വേ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം ഭൂമി കണ്ടെത്തി നൽകേണ്ടത് റവന്യു വകുപ്പാണ്.
ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്ക്കുശേഷം ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് റവന്യു മന്ത്രിയെ നേരിൽ കണ്ട് നടപടികൾ വേഗത്തിലാക്കാൻ നിവേദനം നൽകിയിരുന്നു. വനവത്കരണത്തിനായി പകരം ഭൂമി സമയബന്ധിതമായി ലഭ്യമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉറപ്പുനൽകിയെങ്കിലും ഫയലുകൾ നടപടിക്രമങ്ങൾക്ക് നൽകാതെ പിടിച്ചു വയ്ക്കുകയായിരുന്നു.
തുടക്കം മുതൽ തടസം
2011 ലാണ് റോപ് വേ നിർമ്മാണത്തിനുള്ള നടപടികൾ തുടങ്ങിയത്. 2019ൽ ആദ്യ സർവേ നടന്നു. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം വനഭൂമി വേണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ചിന്നക്കനാൽ താവളത്തിൽ സിമന്റ് പാലം ഭാഗത്ത് പരിഹാര വനവത്കരണത്തിനായി ഭൂമികണ്ടെത്തിയെങ്കിലും നടപടിക്രമങ്ങൾ നീണ്ടുപോയി. കളക്ടർ തടസവാദമുന്നയിക്കുകയും ചെയ്തു. ഇതോടെ പകരം ഭൂമി റവന്യു വകുപ്പ് ഇടുക്കി കഞ്ഞികുഴിയിൽ 505 സർവെ നമ്പരിൽ കണ്ടെത്തി. ഭൂമി വനംവകുപ്പിന് കൈമാറുന്നതിനുള്ള കാലതാമസം ഒഴിവാൻ ഇടപെടൽ തേടിയ ദേവസ്വം ബോർഡിനും റവന്യു വകുപ്പിന്റെ നടപടി തിരിച്ചടിയായി.
ശബരിമല റോപ് വേ
പമ്പ ഹിൽ ടോപ്പിൽ നിന്ന് സന്നിധാനം പൊലീസ് ബാരക്കിന് സമീപം വരെ.
നീളം : 2.7 കി.മീ
പരിഹാര വനവത്കരണത്തിനായി വേണ്ട ഭൂമി : 4.53 ഹെക്ടർ
പദ്ധതിയുടെ പ്രയോജനം : ചരക്കുനീക്കം അപകടരഹിതവും സുഗമവുമാക്കാനും
അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസിനും