കോന്നി : കോന്നി നഗരത്തിൽ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കെ.എസ്. ടി.പി നിർമ്മിച്ച ഓടകൾ വൃത്തിയാക്കാത്തത് മൂലം ഓടകളിൽ നിറയുന്ന മാലിന്യം ദുർഗന്ധം പരത്തുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും ഓടകൾ പലതും ഇനിയും വൃത്തിയാക്കാനുണ്ട്. കോന്നി നഗരത്തിലെ ഓടകളിലെ ദ്വാരങ്ങൾ വഴിയാണ് പലരും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓടക്കുള്ളിൽ ഉപേക്ഷിക്കുന്നത്. റോഡിന് പുറമേ നോക്കുമ്പോൾ ഓടകൾക്കെല്ലാം മൂടിയുള്ളതിനാൽ മാലിന്യങ്ങൾ കാണാൻ കഴിയില്ല. എന്നാൽ ഓടകളിൽ മാലിന്യം കെട്ടിക്കിടന്ന് വെള്ളം ഒലിച്ചു പോകാൻ കഴിയാത്ത അവസ്ഥയിൽ കൊതുകും കൂത്താടിയും പെരുകുകയാണ്. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലെയും നാരായണപുരം ചന്തയിലേയും അവശിഷ്ടങ്ങൾ ഇവിടെ തള്ളുന്നുണ്ട്. മാമൂട്, റിപ്പബ്ലിക്കൻ സ്കൂൾ, പഞ്ചായത്ത് ബസ് സ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ, നാരായണപുരം ചന്ത, ചൈനമുക്ക്, മാരൂർ പാലം, എലിയറക്കൽ എന്നിവിടങ്ങളിൽ എല്ലാം ഇത്തരത്തിൽ മാലിന്യം ഓടകളിൽ അടിഞ്ഞുകൂടി കിടക്കുന്നുണ്ട്. മാംസാവശിഷ്ടങ്ങൾ അടക്കം ഈ മാലിന്യത്തിൽ ഉണ്ട്. എന്നാൽ ഈ മാലിന്യം പിന്നീട് നീക്കം ചെയ്യുന്നതിനും ആരും തയാറാകുന്നില്ല. അതിനാൽ തന്നെ മാലിന്യം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ് ഇപ്പോൾ. കെ.എസ്.ടി.പി നിർമ്മാണ കാലാവധി അവസാനിച്ചു. എങ്കിൽ ഇത് ആര് വൃത്തിയാക്കും എന്ന ചോദ്യവും അവശേഷിക്കുന്നു.
ചെറിയ മഴയിലും കോന്നിയിൽ വെള്ളക്കെട്ട്
ഒരു ചെറിയ മഴ പെയ്താൽ പോലും കോന്നി നാഗരത്തിൽ നിറയുന്ന മഴ വെള്ളം ഓടയിൽ കൂടി ഒഴുകാത്ത അവസ്ഥയാണ് നിലവിലുള്ളത്. നഗരത്തിലെ ഓടകളിൽ മാലിന്യം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ അടക്കം പിടിപെടാനുള്ള സാദ്ധ്യതയുണ്ട്. പഞ്ചായത്തും ആരോഗ്യവകുപ്പും പ്രശ്നത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.............
നഗരത്തിലെ ഓടകളിൽ മാലിന്യം കെട്ടിക്കിടന്ന് വെള്ളം ഒഴുകി പോകാൻ കഴിയാത്ത അവസ്ഥയിൽ പകർച്ചവ്യാധികൾ പടരാനുള്ള സാദ്ധ്യത നിലനിൽക്കുന്നു. അധികൃതർ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണം.
സജിൻ
( പ്രദേശവാസി)