ihrd

അടൂർ : സംസ്ഥാന സർക്കാരിന്റെ കീഴിൽ ഐ.എച്ച്.ആർ.ഡി 1995 ൽ ആരംഭിച്ച അടൂർ എൻജിനീയറിംഗ് കോളേജ് മുപ്പതാം വാർഷിക നിറവിൽ. ഇവിടെ നിന്ന് 25 എൻജിനീയറിംഗ് ബാച്ചുകൾ ഇതിനകം പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്. അടൂർ ഹൈസ്കൂൾ കാമ്പസിൽ താത്കാലികമായി പ്രവർത്തനം ആരംഭിച്ച കോളേജ് രണ്ടു ദശകമായി മണക്കാലയിലെ സ്ഥിരം കാമ്പസിൽ പ്രവർത്തിക്കുന്നു. 5 എൻജിനീയറിംഗ് ബ്രാഞ്ചുകളും പുതിയതായി ആരംഭിച്ച ബി. ബി.എ കോഴ്സുമാണ് ഇപ്പോഴുള്ളത്. മുൻ എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രമഫലമായാണ് കോളേജ് അടൂരിൽ വരുന്നത്. അന്നത്തെ മുഖ്യമന്ത്രി എ. കെ ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്.

5 ബ്രാഞ്ചുകളിലായി 800 ലധികം കുട്ടികൾ ഇപ്പോൾ കാമ്പസിലുണ്ട്. സ്വകാര്യ എൻജിനീയറിങ് കോളേജുകളിൽ പല ഘട്ടങ്ങളായി ഫീസ് വർദ്ധന നടപ്പാക്കിയപ്പോളും 2006 മുതൽ ഇവിടെ ഫീസ് വർദ്ധന കാര്യമായി ഉണ്ടായില്ല. രാജ്യത്തിനകത്തും വിദേശത്തുമായി ഇവിടെ പഠിച്ച ആയിരക്കണക്കിന് പൂർവ വിദ്യാർത്ഥികളാണുള്ളത്. ഡോ. കെ. സുനിൽ കുമാറാണ് പ്രിൻസിപ്പൽ.