പത്തനംതിട്ട : ഒാണമുണ്ണാൻ തീവില കൊടുത്ത് പച്ചക്കറി വാങ്ങുന്നതിനെക്കുറിച്ച് ഒാർത്ത് വിഷമിക്കണ്ട. ഒാണത്തിന് ജൈവ പച്ചക്കറി എത്തിക്കാനുള്ള ഒരുക്കത്തിലാണ് കൃഷിവകുപ്പ്. ഇതിനായി ജില്ലയിൽ 200 ഹെക്ടറിലാണ് കൃഷി. ആദ്യഘട്ടത്തിൽ അത്യുല്പാദന ശേഷിയുള്ള 79000 പച്ചക്കറി വിത്തുകൾ വിതരണം ചെയ്തുകഴിഞ്ഞു . ഒരു ലക്ഷം സീഡ് കിറ്റും 1.25 ലക്ഷം തൈകളും കൃഷി ഭവൻ വഴി വിതരണം ചെയ്തിട്ടുണ്ട്. മലയോര പ്രദേശങ്ങളായ അടൂർ, റാന്നി, കോന്നി എന്നിവിടങ്ങളിലാണ് കൂടുതൽ പച്ചക്കറി കൃഷി ചെയ്യുന്നത്. വീട്ടിൽ കൃഷി ചെയ്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നവരാണ് പച്ചക്കറി കൃഷി ചെയ്യുന്നവരിലധികവും. ബാക്കി ഓണ വിപണിയിൽ എത്തിക്കും. സെപ്തംബറിലേക്ക് വിളവെടുപ്പ് നടത്താവുന്ന രീതിയിലാണ് കൃഷി
പച്ചക്കറി ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്ത് പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്നത്. വിഷരഹിതമായ പച്ചക്കറികൾ ഉല്പാദിപ്പിച്ച് കർഷകരെ സ്വയം പര്യാപ്തമാക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. വീട്ടുവളപ്പിലെ കൃഷി, പുരയിട കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്.
കൃഷി 200 ഹെക്ടറിൽ
കർഷകർക്ക് നൽകിയത്
അത്യുല്പാദന ശേഷിയുള്ള വിത്തുകൾ: 79000
സീഡ് കിറ്റ് : 1 ലക്ഷം
തൈകൾ : 1.25 ലക്ഷം
53 പഞ്ചായത്തുകളിലും
4 നഗരസഭകളിലുമാണ് പദ്ധതി
പച്ചക്കറി വിത്തുകളുടെ വിതരണം പൂർത്തിയായി. അതാത് കൃഷി ഭവനുകൾ വഴിയാണ് വിതരണം നടത്തിയത്. സെപ്തംബറിലേക്ക് വിളവെടുക്കാം. വീട്ടിൽ ഉപയോഗിക്കാനാണ് കൂടുതൽ ആളുകളും വിത്ത് വാങ്ങുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവരും ഉണ്ട്.
കൃഷി വകുപ്പ് അധികൃതർ