റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ ചെറുകോൽ ചേത്തയ്ക്കൽ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം 29ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ഉച്ചയ്ക്ക് 2ന് ചെറുകോൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വില്ലേജ് ഓഫീസ് അങ്കണത്തിലും 3.30ന് ചേത്തയ്ക്കൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇടമൺ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലും നിർവഹിക്കും. ഇതോടെ ഈ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകും വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസുകൾ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള മുറി ഫയൽ സൂക്ഷിക്കാനുള്ള മുറി ഓഫീസ് ക്യാബിൻ വില്ലേജ് ഓഫീസറുടെ ക്യാബിൻ വരാന്ത ടോയ്ലറ്റ് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 830 ച.അടി വിസ്തീർണ്ണമുള്ള ചേതയ്ക്കൽ വില്ലേജ് ഓഫീസിന് 34 ലക്ഷം രൂപയും 1200 ച. അടി വിസ്തീർണ്ണമുള്ള ചെറുകോൽ വില്ലേജ് ഓഫീസിന് 44 ലക്ഷ്യം രൂപയുമായിരുന്നു നിർമ്മാണ ചിലവ്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന് ആയിരുന്നു നിർമ്മാണ ചുമതല.