പത്തനംതിട്ട: ആറന്മുള പള്ളിയോടസേവസംഘവും കെ.എസ്.ആർ.ടി.സി.യും സംയുക്തമായി ആരംഭിക്കുന്ന പഞ്ച പാണ്ഡവ ക്ഷേത്ര പര്യടനയാത്ര ഇന്ന് മുതൽ ആറന്മുള പാർത്ഥസാരത്ഥി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ രാവിലെ 10.30ന് ആറ് ബസുകൾ എത്തിച്ചേരും, 300 പേരാണ് സംഘത്തിൽ ഉണ്ടാകുന്നത്. കണ്ണൂർ, തൊടുപുഴ, വൈക്കം, നെടുമങ്ങാട്, വെഞ്ഞാറമ്മൂട്, മാവേലിക്കര ഡിപ്പോയിൽ നിന്നുള്ള യാത്രക്കാരാണ് സംഘത്തിലുളളത്. തൃപ്പുലിയൂർ, തിരുവൻവണ്ടൂർ, തൃച്ചിറ്റാറ്റ്, തിരുവാറന്മുള, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതാണ് യാത്രാ പാക്കേജ്. ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ഇവർക്കായി പ്രത്യേക വള്ളസദ്യ ഒരുക്കിയിട്ടുണ്ട്. എല്ലാ ഒഴിവു ദിവസങ്ങളിലും മറ്റു പ്രത്യേക ദിവസവും തീർത്ഥാടകസംഘം കേരളത്തിലെ പല ജില്ലകളിൽ നിന്നായി എത്തിച്ചേരും. ഒക്ടോബർ വരെ നീണ്ടുനിൽക്കുന്നതാണ് തീർത്ഥാടന പാക്കേജ്. ഇക്കുറി ബസുകൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് വള്ള സദ്യ നൽകുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫുഡ് കമ്മിറ്റി കൺവീനർ മുരളി ജി.പിള്ള പറഞ്ഞു. ബസിൽ എത്തുന്ന സംഘത്തിന് ആറന്മുള വള്ളസദ്യയുടെ പ്രതീതി ലഭിക്കുന്നതിന് വഞ്ചിപ്പാട്ട് സംഘം വിഭവങ്ങൾ പാടി ചോദിക്കുന്ന രീതിയും ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു.