പത്തനംതിട്ട : ജില്ലയിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഭരണകൂടം, പൊലീസ്, എക്‌സൈസ്, ജില്ലാ മെഡിക്കൽ ഓഫീസർ, അദ്ധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ അടങ്ങുന്ന യോഗം ഉടൻ ചേരുമെന്നും മന്ത്രി പറഞ്ഞു
അബാൻ മേൽപ്പാലം, പത്തനംതിട്ട കുമ്പഴ റോഡിന്റെ നിർമ്മാണം എന്നിവ വേഗത്തിലാക്കണമെന്ന് നിർദ്ദേശം നൽകി.പത്തനംതിട്ട ജനറൽ ആശുപത്രിയുടെ നിർമ്മാണ പുരോഗതി വിലയിരുത്തി.
നോളജ് വില്ലേജിന്റെ ഭൂമിയേറ്റെടുക്കലിനു വേണ്ട നടപടികൾ വേഗത്തിലാക്കണമെന്ന്അഡ്വ. പ്രമോദ് നാരായൺ എം എൽ എ നിർദ്ദേശം നൽകി.
പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് കെ ആർ എഫ് ബി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. റിംഗ് റോഡിൽ അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം നിർദേശിച്ചു.
മുട്ടാർ നീർച്ചാലിന്റെ ലെഗസി മാലിന്യം നീക്കംചെയ്യുന്നതിനും, കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധി ഡി. സജി പറഞ്ഞു.
ആനയടി കൂടൽ റോഡിൽ പഴംകുളം ആലുംമൂട് ജംഗ്ഷന് സമീപം റോഡിന്റെ ഇരുവശങ്ങൾ ഇടിഞ്ഞുവീഴുന്നത് തടയാൻ വേണ്ട നടപടികൾ കെ ആർ എഫ് ബി സ്വീകരിക്കണമെന്ന് എം.പി യുടെ പ്രതിനിധി തോപ്പിൽ ഗോപകുമാർ പറഞ്ഞു.
ജില്ലാ വികസന സമിതി അദ്ധ്യക്ഷനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണൻ, അടൂർ ആർ.ഡി.ഒ വി. ജയമോഹൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.