മാന്നാർ: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനും മറ്റുള്ളവരുടെ ദു:ഖങ്ങൾ അറിഞ്ഞ് പ്രവർത്തിക്കാനും കഴിയുന്നവരാവണം യുവജനങ്ങളെന്നും അതാണ് ഗുരുദർശനമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ പറഞ്ഞു. യൂത്ത് മൂവ്‌മെന്റ് മാന്നാർ യൂണിയൻ നടപ്പാക്കുന്ന വെള്ളാപ്പള്ളി നടേശൻ കനിവ് പദ്ധതിയിൽ യൂത്ത്മൂവ്‌മെന്റ് നേതൃത്വത്തിലുള്ള ഗുരുസ്പർശം ജീവകാരുണ്യ നിധിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു വെള്ളാപ്പള്ളി. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന മാന്നാർ യൂണിയനെയും യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെയും വെള്ളാപ്പള്ളി നടേശൻ അഭിനന്ദിച്ചു. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി ഭവനാങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപപ്രകാശനം നടത്തി. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിനായി യൂത്ത്മൂവ്‌മെന്റ് യൂണിയൻ സ്വരൂപിച്ച മൂന്ന് ലക്ഷത്തി നാലായിരം രൂപ യൂണിയൻ ബാങ്കിന്റെ ചെറുകോൽ ബ്രാഞ്ചിൽ നിക്ഷേപിച്ചതിന്റെ പാസ് ബുക്കും അനുബന്ധ രേഖകളും വെള്ളാപ്പള്ളി നടേശന് കൈമാറിയ ചടങ്ങിൽ മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പദ്ധതി വിശദീകരണം നടത്തി. യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ ഹരി പാലമൂട്ടിൽ, പി.ബി.സൂരജ്, പുഷ്പ ശശികുമാർ, രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, അനിൽകുമാർ റ്റി.കെ, യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗങ്ങളായ അനീഷ് ചേങ്കര എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ് സ്വാഗതവും ചെയർപേഴ്‌സൺ വിധുവിവേക് നന്ദിയും പറഞ്ഞു. മാന്നാർ യൂണിയൻ അതിർത്തിയിലെ നിരാലംബരായ രോഗികൾക്ക് പരിചരണവും സഹായവും നൽകുന്ന പദ്ധതിയിലൂടെ മാന്നാർ യൂണിയൻ അഡ്.കമ്മിറ്റി നിശ്ചയിക്കുന്ന ഉപഭോക്താക്കൾക്കാണ് ധനസഹായംനൽകുന്നത്.