കോന്നി: പനി ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും കോന്നി ഗവ. മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രിയിലും രോഗം നിർണയത്തിന് വേണ്ടത്ര പരിശോധനകൾ നടത്തുന്നില്ലെന്ന് പരാതി. ഇവിടെ ചികിത്സിച്ചിട്ടും രോഗം ഭേദമാകാത്തതിനാൽ പലരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സതേടുകയാണ്. മഴക്കാലത്തുള്ള സാധാരണ വൈറൽ പനിയാണ് മിക്കവർക്കും. വായുവിലൂടെ പകരുന്നതിനാൽ എളുപ്പത്തിൽ വ്യാപിക്കുന്നു. ക്ഷീണവും വിറയലും ശരീര വേദനയുമായാണ് രോഗികൾ എത്തുന്നത്. സർക്കാർ ആശുപത്രികളിൽ മണിക്കൂറോളം ക്യൂവിൽ നിന്ന് ഡോക്ടറെ കാണാൻ കഴിയാത്തവരും സ്വകാര്യ ആശുപത്രികളിൽ അഭയംതേടുന്നു . പനി പടരുന്ന സാഹചര്യത്തിൽ സർക്കാ‌ർ ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും ആവശ്യമായ മരുന്നുകളും എത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മഴയ്ക്കു മുമ്പുള്ള ശുചീകരണ പ്രവർത്തനങ്ങൾ മിക്ക പഞ്ചായത്തുകളിലും കാര്യക്ഷമമായി നടന്നില്ല. ഇതുകാരണം കൊതുക് ശല്യം വർദ്ധിച്ചിട്ടുണ്ട്. ഓരോ വാർഡിലും ശുചീകരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും ചിലവാർഡുകളിൽ പേരിനു മാത്രമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നതെന്ന ആക്ഷേപവുമുണ്ട്.സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് എത്തുന്നവർക്ക് വേണ്ടത്ര പരിശോധനകൾ നടത്തുന്നില്ലെന്ന് പൊതുപ്രവർത്തകനായ വിജയകുമാർ കോന്നി പറഞ്ഞു.