1
മല്ലപ്പള്ളി സിഎംഎസ് സ്കൂൾ ജംഗ്ഷനിൽ കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം.

മല്ലപ്പള്ളി: സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ കവലയിലെ ജീർണാവസ്ഥയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന് പകരം രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നു. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിലും ചെറുകോൽപ്പുഴ- പൂവനക്കടവ് റോഡ് സന്ധിക്കുന്നിടത്തുമാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മാണ പൂർത്തിയാകുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽക്കൂരയിൽ പലയിടങ്ങളിലും ഇരുമ്പ് കമ്പികൾ പുറത്തെത്തി കോൺക്രീറ്റുകൾ പൊളിഞ്ഞ് വീണതോടെ നാട്ടുകാർ ഫ്ലക്സ് ബോർഡുകൾ ഉപയോഗിച്ച് പ്രവേശനം തടയുകയായിരുന്നു. വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ ഉപയോഗിച്ചിരുന്ന കേന്ദ്രമായിരുന്നുയിത്. പുതിയ കാത്തിരിപ്പു കേന്ദ്രത്തിനായി ഒരു വർഷം മുമ്പ് ആന്റോ ആന്റണി എം.പി തുക അനുവദിച്ചെങ്കിലും പൊതുമരാമത്ത് അധികൃതർ അനുമതി നിക്ഷേധിച്ചതായും നാട്ടുകാർ അന്ന് ആരോപിച്ചിരുന്നു. സംസ്ഥാനപാതയിലെ പ്രധാന കവലയിൽ വിദ്യാർത്ഥികൾക്കും മറ്റുയാത്രക്കാർക്കും മഴയും വെയിലുമേൽക്കാതെ ബസ് കാത്തുനിൽക്കുന്നതിന് തടസങ്ങൾ പരിഹരിച്ച് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചെങ്കിലും അധികൃതർ നിസംഗത തുടരുകയായിരുന്നു. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ ജംഗ്ഷനിലെ ഏഴ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും, സമീപത്തെ വ്യാപാരികളുടെയും,​ കെ.എസ്.യു മല്ലപ്പള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുകയുമായിരുന്നു.

.........................

പൊട്ടിപ്പൊളിഞ്ഞ കാത്തിരിപ്പ് കേന്ദ്രത്തിന് പകരം പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന് തുക സ്ഥലത്തെ എം. പി അനുവദിച്ചെങ്കിലും പൊതുമരാമത്ത് അനുമതി നിക്ഷേധിച്ചത് രാഷ്ട്രീയ പ്രേരിതമാണ്. ഇതിനെതിരെയുള്ള ജനവികാരമാണ് പുതിയ കാത്തിരിപ്പു കേന്ദ്രങ്ങൾ.

സോമനാഥൻ നായർ

(പ്രദേശ വാസി)​