winner

പത്തനംതിട്ട : ബി.എസ് സി നഴ്‌സിംഗ് ആദ്യവർഷ പരീക്ഷയിൽ പത്തനംതിട്ട ഗവ.നഴ്‌സിംഗ് കോളജ് 90 ശതമാനത്തോടെ ഉന്നത വിജയം കരസ്ഥമാക്കിയതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയെഴുതിയ 60 വിദ്യാർത്ഥികളിൽ 54 പേരും വിജയിച്ചു. കഴിഞ്ഞ വർഷം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് നഴ്‌സിംഗ് കോളജ് ആരംഭിച്ചത്. ബസിനായി എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചിട്ടുണ്ട്. നഴ്‌സിംഗ് കോളേജിന് സ്വന്തമായി കെട്ടിട സമുച്ചയം ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

സംസ്ഥാനത്ത് ആറ് പുതിയ നഴ്‌സിംഗ് കോളജുകൾക്കാണ് സർക്കാർ കഴിഞ്ഞ വർഷം അനുമതി നൽകിയത്. അതിലാണ് പത്തനംതിട്ടയും ഉൾപ്പെട്ടത്. അദ്ധ്യാപകരുൾപ്പെടെ ജീവനക്കാരെ നിയമിച്ചാണ് നഴ്‌സിംഗ് കോളേജ് ആരംഭിച്ചത്. ക്ലിനിക്കൽ പരിശീലനത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സംവിധാനങ്ങളൊരുക്കി. ലാബും അനുബന്ധ സംവിധാനങ്ങളുമൊരുക്കി. കൂടാതെ കഴിഞ്ഞ ബഡ്ജറ്റിൽ 25 പുതിയ നഴ്‌സിംഗ് കോളേജുകൾക്കായി 20 കോടി രൂപയും അനുവദിച്ചിരുന്നു. കേരള നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരവും കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരവും പത്തനംതിട്ട നഴ്‌സിംഗ് കോളേജിനുണ്ട്. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. അവർ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.