പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷനിൽ പൊട്ടിക്കിടക്കുന്ന ടോയ്ലറ്റിന്റെ ടാങ്കിൽ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നു. സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്ന് മാലിന്യം കിടക്കുകയാണ്. മഴയിൽ മാലിന്യം പരിസരത്ത് ഒഴുകിപ്പരന്ന് ദുർഗന്ധം വമിക്കുന്നതായി ജീവനക്കാർ പരാതിപ്പെടുന്നുണ്ട്. കോഴഞ്ചേരി താലൂക്ക് ഓഫീസ്, കോടതികൾ, റവന്യൂ വകുപ്പ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസ്, കൃഷി വകുപ്പ് ഓഫീസ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളാണ് മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്നത്. മിനി സിവിൽ സ്‌റ്റേഷനിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നവർ വീട്ടിൽ നിന്ന് കൊണ്ടു വരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടം പൊതിഞ്ഞു കെട്ടി തിരികെ കൊണ്ടുപോയി സംസ്‌കരിക്കുകയാണ്. ഭക്ഷണ മാലിന്യം നിക്ഷേപിക്കാൻ ഇവിടെ സൗകര്യമില്ല. സാനിട്ടറി പാഡ് നിർമ്മാർജനം ചെയ്യാനും മാർഗമില്ല. നഗരസഭയുമായി പലവട്ടം ഇക്കാര്യത്തിൽ ചർച്ച നടന്നെങ്കിലും യൂസർ ഫീ ഈടാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.
മാലിന്യം നീക്കാത്തത് ദുരിതമാകുന്നു
ടോയ് ലെറ്റ്ടാങ്ക് നിറഞ്ഞതും ടാങ്കിന്റെ മുകൾ വശത്തെ സ്ളാബിന്റെ മൂല പൊട്ടി ചോർച്ച സംഭവിച്ചതുമാണ് മാലിന്യം പുറത്തേക്ക് ഒഴുകാൻ കാരണമാകുന്നത്. കാലപ്പഴക്കം ചെന്നതാണ് ടാങ്കും സ്ളാബും. പാഴ് ചെടികളുടെ വേരുകൾ വളർന്നാണ് ടാങ്കിന്റെ മുകളിലെ സ്ളാബ് പൊട്ടിയത്. കെട്ടിടത്തിന്റെ മുകളിലെ ടോയ്ലെറ്റിൽ നിന്നുള്ള പൈപ്പുകൾക്കും ചോർച്ചയുണ്ട്.
പൊതു ടോയ്ലറ്റും മിനി സിവിൽ സ്റ്റേഷനിൽ
നഗരത്തിലെ കടകളിലും മറ്റും ജോലി ചെയ്യുന്നവരും ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളും ഉപയോഗിക്കുന്നത് മിനി സിവിൽ സ്റ്റേഷനിലെ ടോയ്ലെറ്റുകളാണ്.
............................
ടാങ്കിൽ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് തടയാൻ അടിയന്തര നടപടി വേണം. ടോയ്ലറ്റിൽ നിന്നുള്ള പൊട്ടിയ പൈപ്പുകൾ മാറ്റിയിടണം
( മിനി സിവിൽ സ്റ്റേഷൻ ജീവനക്കാർ.)