kuttoor
കാറിന്റെ ചില്ല് തകർത്തത് പൊലീസ് പരിശോധിക്കുന്നു

തിരുവല്ല : സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീട്ടുമുറ്റത്തെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന വാഗണർ കാറിന്റെ ചില്ല് അടിച്ചുതകർത്തു. തുകലശ്ശേരി അമൃത വിദ്യാലയത്തിലെ അദ്ധ്യാപിക കുറ്റൂർ കല്ലൂരേത്ത് വീട്ടിൽ ഉമാദേവിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഉമാദേവിയും 83കാരിയായ മാതാവ് ശാന്തകുമാരി അമ്മയും മാത്രമാണ് വീട്ടിൽ താമസം. ഇന്നലെ രാവിലെ 7ന് വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാറിന്റെ ചില്ല് തകർന്ന നിലയിൽ കണ്ടത്. അയൽവാസിയുമായുള്ള വഴിതർക്കമാണോ അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും വീടിന്റെ മുന്നിലെ വാതിൽപ്പടിയിൽ പൂച്ച, എലി എന്നിവയെ കൊന്ന് കൊണ്ടു വയ്ക്കുന്നത് പതിവാണെന്നും ഉമാദേവി പറഞ്ഞു. ഉമാദേവിയുടെ ഭർത്താവിന് വിദേശത്താണ് ജോലി. മകൻ ബാംഗ്ലൂരിലും മകൾ പോണ്ടിച്ചേരിയിലും പഠിക്കുകയാണ്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ല സി.ഐ ബി.കെ.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.