റാന്നി : റാന്നി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഇന്നലെ രാവിലെ 9ന് കാണാതായ പത്തുവയസുകാരിയെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി.
കുട്ടിക്ക് ഭക്ഷണം നൽകിയശേഷം അടുക്കളയിൽ പോയ മുത്തശ്ശി തിരികെ വന്നപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. വിവരം ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ ചടുലനീക്കമാണ് കുട്ടിയെ കണ്ടെത്താൻ സഹായകമായത്. ആദ്യം കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നതോടെ മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ചാനലുകളിലും നവമാദ്ധ്യമങ്ങളിലും സന്ദേശം പരന്നതോടെ നാട്ടുകാരും ജാഗരൂകരായി. വഴക്കു പറഞ്ഞതിന് മുത്തശ്ശിയുമായി പിണങ്ങി മുന്നൂറ് മീറ്റർ അകലെയുള്ള ചിറയ്ക്കപ്പടിയിലുള്ള ബന്ധുവീട്ടിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടിയെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയി ബന്ധുക്കൾക്ക് കൈമാറി. മാതാപിതാക്കൾ വീട്ടിൽ ഇല്ലായിരുന്ന നേരത്താണ് കുട്ടി വീടുവിട്ടിറങ്ങിയത്.