പന്തളം : ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മുട്ടാർ മുത്തുണി മണ്ണിൽ പറമ്പിൽഭാഗത്ത് വ്യാപക നാശനഷ്ടം. വൻമരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് മുട്ടാർ മുത്തുണിയിൽ മിഹറാസിൽ വാടകയ്ക്ക് താമസിക്കുന്ന മൊയ്തീൻ ഷാഹുലിന്റെ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. സമീപത്തെ മങ്ങാരം, സ്വപ്നയിൽ ഐസക്ക് മാത്യുവിന്റെ വീടിന്റെ മതിലും ഭാഗികമായി തകർന്നു. കടക്കാട് കൃഷിഭവനിൽ കാറ്റിൽ കാർഷിക വിളകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മുട്ടാർ സാംസ്‌കാരിക നിലയത്തിന് സമീപം റോഡിനോട് ചേർന്ന് നിന്നിരുന്ന മാവും, തേക്കും വൈദ്യുതിലൈനിലേക്ക് വീണ് പോസ്റ്റ് ഉൾപ്പെടെ റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് വീണു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചു നീക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ, സീനിയർ ഫയർ ഓഫീസർ അജീഷ്‌കുമാർ, ഫയർ ഓഫീസർമാരായ കൃഷ്ണകുമാർ, ശ്രീജിത്ത്, അഭിജിത്ത്, സജാദ്, ഹോംഗാഡ്മരായ സുരേഷ്കുമാർ, പ്രകാശൻ എന്നിവരാണ് പ്രവർത്തനത്തിൽ പങ്കെടുത്തത്.