പന്തളം: ഓടകളിൽ മലിനജലം, ദുർഗന്ധം സഹിക്കാനാകാതെ നാട്ടുകാർ. പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുകൊണ്ടിരിക്കുമ്പോഴും പന്തളം ടൗൺ ഭാഗത്ത് എം.സി റോഡ് വശത്തെ ഓടകളിൽ മലിനജലം ഒഴുകിയിറങ്ങി കെട്ടിക്കിടക്കുന്നത് നഗരസഭാ അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതായി പരാതി. പല ഭാഗങ്ങളിലെയും ഓടകളിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൂത്താടികൾ പെരുകി കൊതുകുശല്യം വർദ്ധിക്കുകയാണ്. പന്തളം ജംഗ്ഷനിലെ ചില ഹോട്ടലിലെ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ ഈ ഓടയിലേക്കാണ് ഒഴുക്കുന്നത്. ഓടയിലെ മാലിന്യങ്ങൾ പന്തളം ജംഗ്ഷനിലെ കുറുന്തോട്ടയും പാലത്തിനടിയിലും മറ്റും അടിയുകയാണ്. വിവിധ സ്ഥാപനങ്ങളിൽ നിന്ന് അനധികൃതമായി ഒഴുക്കിവിടുന്ന മലിനജലവും ഓടകളിൽ തന്നെ കെട്ടിക്കിടന്നാണ് ദുർഗന്ധം ഉണ്ടാക്കുന്നത്.ഓടകളിലും മറ്റും അണുനാശിനി തളിക്കുന്നതിനോ ഫോഗിംഗ് നടത്തുന്നതിനോ ഒരു നടപടികളും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമാണ്. ടൗണിനോടു ചേർന്നുള്ള റോഡുകളിലെ ഓടകളിൽ നിന്നും വലിയ തോതിൽദുർഗന്ധം വമിക്കുന്നുണ്ട്.
ഹോട്ടലുകളിലെ മാലിന്യം ഓടയിലേക്ക്
പന്തളം ജംഗ്ഷന് സമീപത്തും പന്തളം പത്തനംതിട്ട റോഡിലും, പന്തളം മാവേലിക്കര റോഡുകളിലും മാത്രമല്ല ഓടകളിലേക്ക് അനധികൃതമായി മലിനജലം തള്ളുന്നത്. എം.സി.റോഡരികിലുള്ള ചില ഹോട്ടലുകളിലെയും തട്ടുകടകളിലെയും മലിനജലം ഓടകളിലേക്കാണ് ഒഴുക്കുന്നത്. ഇതിനാൽ എം.സി റോഡിലൂടെയുള്ള യാത്രക്കാരും മറ്റ് വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും ദുർഗന്ധം കാരണം ദുരിതം അനുഭവിക്കുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനും നഗരസഭ അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.