മല്ലപ്പള്ളി: നിയന്ത്രണം നഷ്ടപ്പെട്ടകാർ 25 അടിതാഴ്ചയുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊറ്റനാട് സ്വദേശികളായ രമേശ് (43), ഭാര്യ അഞ്ജന (36) ഇവരുടെ ബന്ധു അരുൺ (46) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർക്ക് സാരമായി പരിക്കേറ്റു. തിരുവല്ല - റാന്നി റോഡിൽ കൊട്ടിയമ്പലത്തിനും മണികണ്ഠൻ ആൽത്തറ ജംഗ്ഷനും ഇടയിൽ ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് വൃന്ദാവനത്തിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പാതയോരത്തെ ക്രാഷ്ബാരിയറിനോട് ചേർന്നുള്ള വിടവിനിടയിലൂടെ കാർ കുഴിയിലേക്ക് മറിയുകയായിരുന്നു. അങ്ങാടിയിൽ വർഗീസ് മാത്യു ( ജോയി)യുടെ വീട്ടുമുറ്റത്തേക്കാണ് കാർ മറിഞ്ഞത്.