തിരുവല്ല : തകർന്നു കിടക്കുന്ന ശാസ്താങ്കൽ - ഉത്ഥാനത്ത് പടി റോഡ് പുനരുദ്ധരിക്കാൻ 4.07 കോടിയുടെ ഭരണാനുമതി ലഭിച്ചു. കല്ലൂപ്പാറ പഞ്ചായത്തിലെ ശാസ്താങ്കലിൽ നിന്ന് തുടങ്ങി കവിയൂർ പഞ്ചായത്തിലെ മുണ്ടിയപ്പള്ളി വഴി കുന്നന്താനം പഞ്ചായത്തിലെ ഉത്ഥാനത്ത് പടിയിൽ എത്തിച്ചേരുന്ന റോഡാണിത്. കവിയൂർ,കുന്നന്താനം,കല്ലൂപ്പാറ എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഗ്രാമീണ മേഖലയുടെ വികസനത്തിന് വഴിതുറക്കുന്ന റോഡിന് പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന (പി.എം.ജി.എസ്.വൈ) പ്രകാരമാണ് ഭരണാനുമതി ലഭിച്ചത്. കുത്തനെയുള്ള കയറ്റവും കൊടുംവളവുകളും ഉള്ള ഈ റോഡ് മുമ്പ് പലതവണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും പലവിധ കാരണങ്ങളാൽ നിർമ്മാണം മുടങ്ങിയിരുന്നു. മൂന്ന് പഞ്ചായത്തുകളുടെ ഉടമസ്ഥതയിലായിരുന്ന റോഡ്, രണ്ടുവർഷം മുൻപ് പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നവീകരിക്കാൻ വിട്ടുകൊടുക്കുകയായിരുന്നു. മുൻപഞ്ചായത്ത് സമിതികളാണ് ഇതുസംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വച്ചത്.
വാക്കേക്കടവ് പാലവും കലുങ്കുകളും നിർമ്മിക്കും
റോഡ് പണിക്കൊപ്പം വാക്കേക്കടവ് പാലവും ഒട്ടേറെ കലുങ്കുകളുടെ നിർമ്മാണവും നടക്കുമെന്ന് കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ പറഞ്ഞു. കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡവലപ്മെന്റ് ഏജൻസി ചീഫ് എൻജിനീയറുടെ സാങ്കേതിക അനുമതിയാണ് ഇനി വേണ്ടത്. ഇതിനുശേഷം ടെണ്ടർ നടപടികളിലേക്ക് കടക്കും. അലൈൻമെന്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് റോഡ് നിർമ്മാണം. റോഡിന്റെ പണി പൂർത്തീകരിച്ചശേഷം അറ്റകുറ്റപ്പണികൾ അഞ്ച് വർഷത്തേക്ക് കരാറുകാരന്റെ ഉത്തരവാദിത്തം ആണ്. അഞ്ച് വർഷത്തിന് ശേഷം റോഡ് പഞ്ചായത്തുകൾക്ക് കൈമാറും. മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് അഞ്ച് വർഷമായി മെറ്റൽ ഇളകി തകർന്ന് കിടക്കുകയായിരുന്നു. റോഡിൽ ഉടനീളം വലിയ കുഴികളും രൂപപ്പെട്ടിരുന്നു. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം റോഡ് നവീകരണം യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.
..................................
റോഡിന്റെ പുനരുജ്ജീവനത്തിന് ഭരണാനുമതി ലഭിച്ചതോടെ മൂന്ന് പഞ്ചായത്തുകളുടെ വർഷങ്ങളായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്.
എം.ഡി. ദിനേശ് കുമാർ
(കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് )
..................................
നിർമ്മാണച്ചെലവ് 4.07 കോടി