പത്തനംതിട്ട : പത്തനംതിട്ടയിലെ സർക്കാർ നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ആവശ്യത്തിനായി ഒരാഴ്ചയ്ക്കകം ബസ് വാടകയ്ക്കെടുത്ത് ഓടിക്കാൻ തീരുമാനമായി. തിരുവനന്തപുരത്ത് തിങ്കളാഴ്ച ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമായത്. പുതിയ ബസ് ഉടൻ അനുവദിക്കുന്നത് വരെ വാടകയ്ക്ക് ഓടിക്കും. കോന്നി മെഡിക്കൽ കോളേജിലേക്ക് നഴ്‌സിംഗ് കോളേജ് പ്രവർത്തനം മാറ്റണമെന്ന് പി.ടി.എ ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ അനുകൂലിച്ചില്ല. രണ്ടു മണ്ഡലം ആയതിനാൽ പത്തനംതിട്ടയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്നും ഡയറക്ടർ അറിയിച്ചു. ആറന്മുള മണ്ഡലത്തിൽ അനുവദിച്ച നഴ്‌സിംഗ് കോളേജാണ്. പുതിയ കെട്ടിടം കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. അടുത്തബാച്ച് പ്രവേശനം തുടങ്ങും മുമ്പ് പുതിയ കെട്ടിടത്തിൽ ക്ലാസ് ആരംഭിക്കാമെന്നും ഉറപ്പു നൽകി. കുട്ടികളുടെ ഹോസ്റ്റൽ സംവിധാനത്തെക്കുറിച്ച് തീരുമാനമായില്ല. പ്രിൻസിപ്പലിന്റെ അനാസ്ഥകൊണ്ടാണ് എല്ലാം സംഭവിച്ചതെന്ന് വരുത്തി തീർക്കാനും മെഡിക്കൽ എഡ്യൂക്കേഷൻ അധികൃതർ ശ്രമിച്ചു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കുമാർ, ഭാരവാഹികൾ, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഗീതാകുമാരി തുടങ്ങിയവരും പങ്കെടുത്തു.