accident

തിരുവല്ല : പുളിമരം കടപുഴകി വീണ് പോസ്റ്റുകൾ ഒടിഞ്ഞതിനെ തുടർന്ന് വൈദ്യുതി മുടങ്ങി. കടപ്ര പഞ്ചായത്തിലെ പത്താം വാർഡിൽ കുരിശടിക്ക് സമീപമാണ് റോഡിലേക്ക് മറിഞ്ഞ പുളിമരം വീണ് നാല് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞത്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം. റോഡിലേക്ക് വീണ മരം മുറിച്ചു നീക്കിയെങ്കിലും പോസ്റ്റുകൾ മാറ്റിയിടുന്ന ജോലികൾ പുരോഗമിക്കുകയാണ്. 11കെ.വി ലൈൻ ഉൾപ്പെടെ പൊട്ടി വീണതിനാൽ പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. വൈദ്യുതി ബന്ധം ഇന്ന് പുനഃസ്ഥാപിക്കാനാകുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.