കേരളത്തിൽ റബർ കർഷകരുടെ വിലാപങ്ങൾ കേട്ടു തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. വിലയിടിവാണ് കർഷകർ നേരിടുന്ന പ്രശ്നം. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഒരുപോലെ ഉത്തരവാദിത്വമുള്ള കാര്യമാണിത്. പക്ഷെ, ആരും പരിഗണിക്കുന്നില്ല. വൻകിട റബർ കമ്പനികളും സർക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് കർഷകർക്ക് മാന്യമായ വില ലഭിക്കാത്തതെന്ന് ആക്ഷേപം ശക്തമാണ്. വിലയിടിവ് കാരണം കേരളത്തിൽ നിന്ന് റബർ കൃഷി അന്യമായി വരുന്നതാണ് നാം കാണുന്നത്. എന്നിട്ടും കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ ഇടപെടുന്നില്ല. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ഉദാസീനത കാട്ടുന്നുവെന്ന് പരാതികളേറെയുണ്ട്. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഒരുമിച്ച് ഇടപെടണമെന്ന് കർഷക സംഘടനകൾ നിരവധി തവണ ജനപ്രതിനിധികളെ കണ്ട് നിവേദനം നൽകിയിട്ടുള്ളതാണ്. സംസ്ഥാത്തന് പന്ത്രണ്ട് ലക്ഷത്തോളം ചെറുകിട റബർ കർഷകരാണുള്ളത്.

കേരളത്തിൽ നിന്ന് റബർ ബോർഡിനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പറിച്ചു നട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതു തടയാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുമില്ല. റബറിന് താങ്ങുവില പ്രഖ്യാപിച്ചതു മാത്രമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ശ്രദ്ധേയമായ നടപടി. പക്ഷെ, അതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പട്ടില്ല. ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിലെ റബർ കർഷകർ ചിലത് പ്രതീക്ഷിച്ചെങ്കിലും അവഗണനയായിരുന്നു ഫലം.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമായി ആരംഭിച്ച സാഹചര്യത്തിൽ കേന്ദ്രബഡ്ജറ്റിൽ നീക്കിവച്ച മുന്നൂറ്റി ഇരുപത് കോടി കൊണ്ട് കേരളത്തിലെ കർഷകർക്ക് പ്രയോജനമുണ്ടാകില്ലെന്ന് കർഷക സംഘടകൾ പറയുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആരംഭിച്ച റബർ കൃഷിക്കാണ് റബർ ബോർഡ് പ്രാധാന്യം നൽകുന്നത്. അവിടങ്ങളിൽ കൃഷി ചെയ്യുന്നതിന് ഒരു ഹെക്ടറിന് ഒന്നര ലക്ഷം രൂപ വരെ സബ്സിഡി നൽകുന്നുണ്ട്. തൈകളും സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നു. കേന്ദ്ര ബഡ്ജറ്റിൽ അനുവദിച്ച തുക ഇതിനായി വിയോഗിക്കുമെന്നാണ് കേരളത്തിലെ കർഷകരുടെ ആശങ്ക. സംസ്ഥാനത്ത് റബർ കൃഷിക്ക് ഒരു ഹെക്ടറിന് ഇരുപത്തയ്യായിരം രൂപയാണ് സബ്സിഡി അനുവദിച്ചിട്ടുള്ളത്. ഇത് ഏഴു വർഷത്തിനുള്ളിൽ പല തവണകളായിട്ടാണ് ലഭിക്കുന്നത്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ട്രൈബൽ വിഭാഗങ്ങൾക്കിടയിലാണ് റബർ ബോർഡ് നേരിട്ട് കൃഷി നടത്തുന്നത്. ദുർബല വിഭാഗങ്ങളെന്ന പരിഗണനയിലാണ് സബ്സിഡി കൂടുതലായി ഈ സംസ്ഥാനങ്ങളിൽ വിനിയോഗിക്കുന്നത്.

കേരളത്തിൽ റബർ മരങ്ങൾക്കുള്ള മഴമറയ്ക്ക് സ്പൈസസ് ബോർഡ് സബ്സിഡി നൽകിവരുന്നുണ്ട്. ഒരു ഹെക്ടറിന് അയ്യായിരം രൂപവരെ ലഭിച്ചിരുന്നത് അടുത്തകാലത്തായി മുടങ്ങി. ചില ജില്ലകളിലെ കർഷകർക്ക് നാലായിരം രൂപയേ ലഭിച്ചിട്ടുള്ളൂ. റബറിന്റെ താങ്ങുവില ഇരുന്നൂറ്റിയൻപത് രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ റബർ കർഷകരോട് ഒരു പരിഗണനയും കാട്ടുന്നില്ലെന്ന് കർഷകർ സംഘടനാ നേതാവ് സുരേഷ് കോശി പറയുന്നു. കർഷകർ വലിയ പ്രതിസന്ധിയിലാണ്. കേരളത്തിലെ എം.പിമാർ ഒന്നിച്ച് പാർലമെന്റിൽ വിഷയം ഉന്നയിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കേരളത്തിൽ തെങ്ങും മറ്റ് വിളകളും ഒഴിവാക്കിയാണ് കർഷകർ റബർ വച്ചു പിടിപ്പിച്ചത്. പണ്ട് തെങ്ങിന് മണ്ഡരി രോഗം വ്യാപകമായി ആദായം ലഭിക്കാതെ വന്നതോടെയാണ് കർഷകർ റബർ കൃഷിയിലേക്ക് തിരിഞ്ഞത്. അന്ന് റബർ ബോർഡിന്റെ വലിയ സഹായവുമുണ്ടായിരുന്നു. വൻകിടി പ്ളാന്റേഷൻ കമ്പനികൾ മാത്രം നടത്തിയിരുന്ന റബർ കൃഷി ചെറുകിട കർഷകരും നടത്തി വന്നു. റബറിന് കിലോയ്ക്ക് അഞ്ഞൂറിന് മേൽ വിലയാണ് ആദ്യ വർഷങ്ങളിൽ ലഭിച്ചിരുന്നത്. പിന്നീട് നാനൂറിലേക്കു മുന്നൂറിലേക്കും ഇടിഞ്ഞുതാണു. ഇരുന്നൂറിൽ താഴെയായ വില കൂപ്പുകുത്തിയപ്പോൾ റബർ കൃഷി കൊണ്ടും കർഷകർക്ക് പ്രയോജനമില്ലാതായി.

ഉദ്പ്പാദക മികവും രോഗ പ്രതിരോധവും ലക്ഷ്യമിട്ട് റബർ ബോർഡിന്റെ ഗവേഷണ വിഭാഗം ജനിതക മാറ്റം വരുത്തി വികസിപ്പിച്ചെടുത്ത തൈകൾ കേരളത്തിൽ കൃഷി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ജനിതക വിത്തുകൾ നിരോധിച്ച കൂട്ടത്തിലാണ് റബറും ഉൾപ്പെട്ടത്. റബർ ബോർഡ് പ്രോത്സാഹിപ്പിക്കുന്ന ജനതിക തൈകളാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്നത്. പുതിയ ഇനം വിത്തുകൾ കേരളത്തിൽ കൃഷി ചെയ്യാൻ അനുവദിക്കണമെന്ന കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. റബർ കൃഷി തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ആസാം, ത്രിപുര, മേഘാലയ, മിസോറാം എന്നിവിടങ്ങളിലാണ് റബർ കൃഷി വ്യാപകമായി നട്ടുവളർത്തുന്നത്.

മഴക്കാലമായതുകൊണ്ട് ഇപ്പോൾ റബർ ഉദ്പ്പാദനം കുറവാണ്. റബറിന്റെ ക്ഷാമം കാരണം വില ഉയർന്നു നിൽക്കേണ്ട സമയമാണിപ്പോൾ. എന്നാൽ, യഥാർത്ഥ വില കർഷകർക്ക് ലഭിക്കുന്നില്ല. ചില വൻകിട കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടയിലെ ലോബിയാണ് യഥാർത്ഥ വില കർഷകർക്ക് കിട്ടാതിരിക്കാൻ കാരണമെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. ഇടനിലക്കാരുടെ ഈ കളി റബർ മേഖലയിൽ എപ്പോഴുമുണ്ട്. സംസ്ഥാനത്ത് ആറുമാസമായി റബർ ഉദ്പ്പാദനമില്ല. കടുത്ത വേനലും മഴയും കാരണം ടാപ്പിംഗ് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങിൽ മഴ മാറിയതോടെ ടാപ്പിംഗ് പുനരാരംഭിച്ചു. നല്ല വില ലഭിക്കേണ്ട സമയത്ത് ഇടനിലക്കാരുടെ ഇടപെടൽ കാരണം വിലയിടിയുമോ എന്ന ഭയത്തിലാണ് കർഷകർ. അന്താരാഷ്ട്ര വില താഴ്ന്നു നിൽക്കുമ്പോൾ സംസ്ഥനത്ത് ഉയർന്ന വില ലഭിക്കുന്നത് കർഷകർക്ക് ആശ്വാസകരമായിരുന്നു. ഇടനിലക്കാർ വില ഇടിച്ചു താഴ്ത്തുമോ എന്നാണ് ആശങ്ക.

ഒരു വിഭാഗം വ്യാപാരികളും കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണ് കർഷകർക്ക് ന്യായ വില ലഭിക്കാൻ തടസമാകുന്നത്. ഇപ്പോഴത്തെ നിലയിൽ കർഷകർക്ക് 210 രൂപയെങ്കിലും ലഭിക്കണമെന്നാണ് ആവശ്യം. ഉദ്പ്പാദന ചെലവിന് അനുസരിച്ച് കർഷകർക്ക് ആദായം ലഭിക്കണമെങ്കിൽ ഷീറ്റിന്റെ വില കിലോയ്ക്ക് 250 ആയി ഉയരണമെന്നാണ് കർഷകരുടെ ആവശ്യം.