1
കോട്ടാങ്ങൽ - ചാലാപ്പള്ളി റോഡിൽ തകർച്ച നേരിടുന്ന ഇടുങ്ങിയ ചെമ്പലാക്കൽ പാലം.

മല്ലപ്പള്ളി : അപകട ഭീഷണിയായ ഇടുങ്ങിയ കലുങ്കുകൾ പുനർനിർമ്മിക്കാൻ നടപടിയില്ലെന്ന് പരാതി. കോട്ടാങ്ങൽ -ചാലപ്പള്ളി ബാസ്റ്റോ റോഡിലെ കലുങ്കുകളാണ് ശോചനീയാവസ്ഥയിലുള്ളത്. 2018ൽ ബാസ്റ്റോ റോഡ് 36.5 കോടി രൂപ ചെലവിൽ നവീകരിച്ചെങ്കിലും അപകടാവസ്ഥയിലായിരുന്ന ഈ മൂന്ന് കലുങ്കുകളും പുനർനിർമ്മിക്കുകയോ വീതി കൂട്ടുകയോ ചെയ്തിരുന്നില്ല. ചെമ്പിലാക്കൽ പാലം, ചുങ്കപ്പാറ ബസ് സ്റ്റാൻഡ് കവാടത്തിന് സമീപമുള്ള പാലം, ചാലാപ്പള്ളി ജംഗ്ഷനിൽ പി.സി റോഡുമായി ബന്ധിപ്പിക്കുന്ന പാലം എന്നിവയാണ് ഈ റോഡിലെ ഇടുങ്ങിയ പാലങ്ങൾ. ഇടതടവില്ലാതെ വാഹനസഞ്ചാരമുള്ള പാലങ്ങളിലൂടെ രണ്ടു വലിയവാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകുവാൻ കഴിയില്ല എന്നതാണ് പ്രധാന പ്രശ്നം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളവയാണ് ഈ പാലങ്ങളെല്ലാം. ഇരുകരകളിൽ കരിങ്കൽ ഭിത്തികളിൽ നിർമ്മിച്ചവയാണ്. കെട്ട് ബലപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്ന സിമന്റ് മിശ്രിതം ഇളകിമാറിയ നിലയിലാണ്. കൈവരികളിൽ സിമന്റ് ഇളകിമാറി തുരുമ്പെടുത്ത് കമ്പികൾ പുറത്തുവന്ന നിലയിലാണ്.

ചുങ്കപ്പാറയിലെ കലുങ്കിന്റെ കോൺക്രീറ്റ് ഇളകിമാറി

ചുങ്കപ്പാറ ജംഗ്നഷനിലെ കലുങ്കിന്റെ മുകളിലെ കോൺക്രീറ്റിംഗ് ഇളകി മാറി കമ്പികൾ ദ്രവിച്ച് തോട്ടിലേക്ക് തൂങ്ങിനിൽക്കുന്ന സ്ഥിതിയാണ്. ഏതുനിമിഷവും ഇത് തോട്ടിൽ പതിക്കാം. ചാലപ്പള്ളി കവല,ചുങ്കപ്പാറ സെൻട്രൽ എന്നിവിടങ്ങളിൽ നിയന്ത്രിത സ്കൂൾ സമയങ്ങൾക്ക് ശേഷമുള്ള ഗതാഗതക്കുരുക്കിനും ഈ കലുങ്കുകളുടെ വീതിക്കുറവ് കാരണമാണ്. വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രക്കാർ ഇരുവശത്തുനിന്നും വാഹനങ്ങളെത്തുന്നതോടെ ഭയത്തോടെയാണ് മറുവശത്തേക്ക് ഓടി മറയുന്നത്. ചെമ്പിലാക്കൽ കലുങ്കിലും സ്ഥിതി വിഭിന്നമല്ല. എതിർവശങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് കലുങ്കിൽ പ്രവേശിച്ച ശേഷം കാണാൻ കഴിയുകയുള്ളൂ എന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. അധികൃതർ അടിയന്തര ഇടപെടൽ നടത്തി പാലം നവീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

..............................................................

2018ൽ റോഡ് നവീകരണ സമയത്ത് ജനപ്രതിനിധികൾ അടക്കമുള്ളവരുമായി പാലങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയെങ്കിലും നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനാൽ പാലങ്ങളുടെ നവീകരണം സാദ്ധ്യമല്ലന്ന നിലപാട് ഇന്ന് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമായി. ദീർഘവീക്ഷണമില്ലാത്ത ഇത്തരം പദ്ധതികളാണ് അധികൃതർ വിഭാവനം ചെയ്യുന്നത്.

സുഗതൻ

(പ്രദേശവാസി)​

.....................

റോഡ് നവീകരണത്തിന് 36.5 കോടി